ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്നും 43ലക്ഷം രൂപ തട്ടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


നടക്കാവ്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ്‌ചെയ്തത്.

ടെലിഗ്രാം ഗ്രൂപ്പിലൂടെ വിവിധ ടാസ്‌കുകള്‍ നല്‍കിയാണ് സംഘം വന്‍തുക തട്ടിയത്. കോഴിക്കോടുള്ള ആറ് പേരില്‍ നിന്നായി ഒരു കോടിയിലേറെ രൂപയാണ് തട്ടിപ്പുസംഘം കവര്‍ന്നത്.

എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേര്‍ന്ന് വെല്‍വാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങള്‍ അയച്ച് ടെലഗ്രാമില്‍ ഗൂഗിള്‍മാപ്പ് റിവ്യൂ വി.ഐ.പിയെന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിവിധ ലിങ്കുകളില്‍ കണ്ണിയാക്കുകയായിരുന്നു. വിവിധ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതിഫലം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വിശ്വാസമുണ്ടാക്കാനായി ഇടയ്ക്ക 150 രൂപ മുതല്‍ 600 രൂപവരെ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.

കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ മുന്‍കൂട്ടി പണം നല്‍കണമെന്ന് പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്രതിഫലം ട്രേഡിങ് അക്കൗണ്ടില്‍ കാണിക്കും. ഈ തുക പിന്‍വലിക്കണമെങ്കില്‍ ബാലന്‍സ് ഉയര്‍ത്തണമെന്ന് പറഞ്ഞ് കബളിപ്പിച്ച് വീണ്ടും പണം തട്ടി. ഇത്തരത്തില്‍ 43 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.

നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, മോഹന്‍ദാസ്, ഷിജിത്ത് എന്നിവരാണുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതി മൂന്നുപ്രതികളെയും റിമാന്‍ഡ് ചെയ്തു.