4.87കോടി രൂപയുടെ പദ്ധതിക്ക് ജീവന്‍വെച്ചു; നായാടന്‍ പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി
എ.സജീവ്കുമാര്‍
കൊയിലാണ്ടി: നടേരിയിലെ പ്രധാന ശുദ്ധ ജലസ്രോതസ്സായിരുന്ന നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. നായാടന്‍ പുഴ വീണ്ടെടുക്കാന്‍ 4.87 കോടി രൂപയുടെ പദ്ധതിയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയത്. വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസനത്തോടൊപ്പമാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കാനുളള പദ്ധതി തയ്യാറാക്കിയത്.
പ്രദേശത്തെ ആവാസവ്യവസ്ഥക്കു തന്നെ മാറ്റമുണ്ടാക്കുന്ന രീതിയെ കുറിച്ച് ടി പി രാമകൃഷ്ണന്‍ എം.എല്‍.എ നിയമസഭയില്‍ ചോദ്യത്തിലുടെ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. നായാടന്‍ പുഴയില്‍ നിന്നും വെളിയണ്ണൂര്‍ ചല്ലിയിലേക്കുളള ഇടത്തോട് പുനര്‍ നിര്‍മ്മിക്കാനുളള പ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടങ്ങിയത്. തോടില്‍ നിന്നും മണ്ണും ചളിയും മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് എടുത്തു മാറ്റുകയാണ്. വെളിയണ്ണൂര്‍ ചല്ലി പാടശേഖരം കൃഷിയോഗ്യമാക്കാനുളള പ്രവൃത്തിയുടെ ഭാഗമായാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കുന്നത്.
വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് 20.7 കോടി യൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. ഈ ഫണ്ടില്‍ നിന്നുളള 4.87 കോടി ഉപയോഗിച്ചാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ എടുത്തത്.
കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടു നികത്തി കനാല്‍ നിര്‍മിച്ചതോടെയാണ് നായാടന്‍ പുഴയിലെ ഒഴുക്ക് നിലച്ചത്. ഇതോടെ പുഴയില്‍ ചെളി നിറഞ്ഞു. പായലും താമരവള്ളിയും പടര്‍ന്നു. കുളിക്കാന്‍ പോലും ആളുകള്‍ വരാതായി. വ്യത്യസ്ത കുടിവെള്ള പദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതോടെ പുഴയുടെ നാശം പൂര്‍ണമായി. ചെറിയൊരു സ്ഥലത്തുമാത്രം നാലു പമ്പ് ഹൗസും ഇവിടെയുണ്ട്. ഇതില്‍ മിക്കതും ഉപയോഗിക്കുന്നില്ല.
കനാല്‍ നിര്‍മിക്കാനായി പുഴ മണ്ണിട്ടു നികത്തിയിടത്ത് മണ്ണെടുത്തുമാറ്റി പകരം അവിടെ ബോക്സ് കണ്‍വെര്‍ട്ട് നിര്‍മിച്ച് പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വിണ്ടെടുക്കണം. ഇതിനായി കുറ്റ്യാടി ജലസേചന വകുപ്പ് അധികൃതര്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. കൊയിലാണ്ടി-അരിക്കുളം റോഡ് നായാടന്‍ പുഴ മുറിച്ചുകടക്കുന്നിടത്തും സമാനരീതിയില്‍ ബോക്സ് കള്‍വെര്‍ട്ട് പണിയണം. ഇക്കാര്യത്തില്‍ പി.ഡബ്ല്യു.ഡി പദ്ധതി തയ്യാറാകണം. എന്നാല്‍ മാത്രമേ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വിണ്ടെടുക്കാന്‍ കഴിയുകയുള്ളു. ഇതിനായി ഒന്നേമുക്കാല്‍ കോടിയുടെ ഒരു പദ്ധതി റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പായലും ചെളിയും നിറഞ്ഞു നാശത്തിന്റെ വക്കിലാണ് നായാടന്‍ പുഴയിപ്പോള്‍. നായാടന്‍ പുഴ നവീകരിച്ചാല്‍ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി ഇതിനെ മാറ്റാന്‍ കഴിയും. മുമ്പ് കാര്‍ഷികാവശ്യത്തിനും നായാടന്‍ പുഴയിലെ വെളളം ഉപയോഗിക്കുമായിരുന്നു. നടേരി വെളിയണ്ണൂര്‍ ചല്ലി പാടശേഖരങ്ങളുടെ വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് പ്രവൃത്തി പഥത്തിലേക്ക് എത്തുന്നത്.