ജെസിഐ കൊയിലാണ്ടിയുടെ 33-ാ൦ നഴ്‌സറി കലോത്സവം; ആടിയും പാടിയും അരങ്ങിലെത്തിയത് ആയിരത്തോളം കുഞ്ഞു കുരുന്നുകള്‍


കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടി 33-ാ൦ നഴ്‌സറി കലോത്സവത്തില്‍ ജില്ലയില്‍ നിന്നും ആയിരത്തില്‍പരം കുട്ടികള്‍ പങ്കാളികളായി. പൊയിൽക്കാവ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്‌ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു.

കലോത്സവത്തില്‍ സെന്റ്‌. ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും, പ്രസന്റേഷൻ നഴ്‌സറി സ്കൂൾ ചേവായൂർ രണ്ടാം സ്ഥാനവും, സേക്രഡ് ഹാർട്ട് യു പി സ്കൂൾ പയ്യോളി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽകെജി, യൂകെജി കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ആയിരക്കണക്കിനാളുകളാണ് സ്‌ക്കൂളില്‍ എത്തിച്ചേര്‍ന്നത്‌.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ്, ജെ.സി.ഐ പാസ്ററ് നാഷണൽ ഡയറക്ടർ രാകേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് അശ്വിൻ മനോജ് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ.അഖിൽ എസ്.കുമാർ സ്വാഗതവും, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ.സൂരജ് കെ നന്ദിയും പറഞ്ഞു.