‘28,000 രൂപയാണെങ്കിൽ ആറുമാസത്തിനുശേഷം ഒരു പവന്‍, സ്വര്‍ണമാണെങ്കിൽ ഒരു ​ഗ്രാം കൂടുതൽ നൽകും’; നൊച്ചാട് മേഖലയിൽ യുവതിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായത് നിരവധി പേർ


പേരാമ്പ്ര: സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് നൊച്ചാട് മേഖലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. പണം വാങ്ങിയ ശേഷം സ്വർണ്ണം നൽകിയാണ് ഇവർ ആളുകളെ പറ്റിച്ചത്. എൺപത് പവനിന് മുകളിൽ സ്വർണ്ണവും 20 ലക്ഷം രൂപയുമാണ് ഇവർ ഇത്തരത്തിൽ സ്വന്തമാക്കിയത്.

28,000 രൂപ വാങ്ങിച്ച്‌ ആറുമാസത്തിനുശേഷം ഒരു പവന്‍ സ്വര്‍ണം നല്‍കും. ആദ്യഘട്ടത്തില്‍ ഇത് കൃത്യമായി നല്‍കിയതോടെ കൂടുതലാളുകള്‍ നിക്ഷേപം നടത്തുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണം വാങ്ങിച്ചാല്‍ ആറുമാസത്തിനുശേഷം ഒരു ഗ്രാം കൂടുതല്‍ കൊടുക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

24 പവന്‍ സ്വര്‍ണമാണ് നൊച്ചാട്ടെ ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയത്. കൂടാതെ ഇയാള്‍ പറഞ്ഞിട്ട് 60 പവനോളം മറ്റു രണ്ടുപേരും നിക്ഷേപിച്ചിട്ടുണ്ട്. മറ്റൊരാള്‍ വീടുപണിക്ക് കരുതിയ 20 ലക്ഷം രൂപയാണ് ആറുമാസത്തേക്ക് നല്‍കിയത്. ലാഭ വിഹിതം മുടങ്ങിത്തുടങ്ങിയ അവസരത്തില്‍ സ്ഥാപനത്തില്‍ ഓഡിറ്റിങ് നടക്കുകയാണെന്നും രണ്ടുമാസം കഴിഞ്ഞേ തുകയുണ്ടാവൂ എന്നും പറഞ്ഞ് ഇടപാടുകാരുടെ ഫോണിലേക്ക് ഇവർ വീഡിയോയും അയച്ചിരുന്നു.

സ്വകാര്യ ബാങ്കിന്റെ ഉള്ള്യേരി ശാഖയില്‍ ജോലിചെയ്യുകയാണെന്നാണ് ഇവര്‍ ഇടപാടുകാരോട് പറഞ്ഞത്. എന്നാല്‍, ബാങ്കില്‍നിന്ന് 27 ലക്ഷം രൂപ തട്ടിപ്പ് നടത്തിയിട്ട് ഇവരെ നേരത്തേ പുറത്താക്കിയിരുന്നു. ഇപ്പോള്‍ ഈ പണം ഇവര്‍ തിരിച്ചടച്ചതായും പറയുന്നുണ്ട്. നിലവിൽ ഇവര്‍ കോഴിക്കോട്ടെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഒന്നിനും രേഖ ഇല്ലാത്തതിനാല്‍ നിയമ നടപടികള്‍ക്ക് ആരും തയാറായിട്ടില്ല.