ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെ നേരിട്ട് കണ്ടപ്പോള്‍ അലമുറയിട്ട് പൊട്ടിക്കരഞ്ഞ് കാമുകന്‍; 22കാരനെ തേടിയെത്തിയ കോഴിക്കോട്ടുകാരിയെ തിരിച്ചയച്ചത് പോലീസ് സഹായത്തോടെ
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ട് കണ്ടതോടെ പൊലീസ് സഹായം തേടി യുവാവും കുടുംബവും. ഇരുപത്തിരണ്ട് കാരനായ യുവാവിനെ തേടിയെത്തിയത് വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെയാണ് കാമുകനും കുടുംബവും ഞെട്ടിയത്.
ഏതാണ്ട് കാമുകന്റെ പ്രായത്തിലുള്ള ഒരു മകനുമുണ്ട് യുവതിയുടെ മക്കളില്‍. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.
കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ചാണ് കോഴിക്കോട്ടുകാരിയായ യുവതി മലപ്പുറത്തെ കാളികാവിലേക്ക് തിരിച്ചത്. പ്രണയം തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ ഇരുവരും നേരില്‍ കണ്ടിരുന്നില്ല. കാമുകിയെ കണ്ടതോടെ മനസ്സ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും യുവതി പോകാന്‍ തയ്യാറായില്ല.
യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു നിലപാട്. രക്ഷയില്ലാതെ കാമുകന്‍ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. കാമുകന്‍ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ വീട്ടുകാരും പ്രയാസത്തിലായി. രംഗം വഷളാകാതിരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി.
ഇതേ സമയത്തു തന്നെ, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതി മലപ്പുറത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാളികാവിലെത്തി. യുവതിയെ കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോകുകയായിരുന്നുവെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മര്‍ദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസ്സിലാക്കിയ ബന്ധുക്കള്‍, യുവാവിനെ സ്‌റ്റേഷനില്‍ നിന്നും രഹസ്യമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.