മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണംകൂടി; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 22-കാരന്‍ മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയോടെയാണ് മരണം സംഭവിച്ചത്.
ഈ മാസം 13നാണ് തജ്‌ലിസാന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. പിറ്റേദിവസം ചുങ്കത്തറ സിഎച്ച്‌സിയില്‍ ചികിത്സ തേടി. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ 18ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ വര്‍ഷം ഒന്‍പത് പേരാണ് മലപ്പുറത്ത് വൈറല്‍ ഹെപറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും.
അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജനുവരി മുതല്‍ ഇത് വരെ മലപ്പുറം ജില്ലയില്‍ 4000 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്ന് മലപ്പുറം ഡി.എം.ഒ ഡോ.രേണുക അറിയിച്ചിരുന്നു.