ഒന്നിച്ചൊരു നാളേയ്ക്കായി, മഞ്ഞളിലൂടെ നേട്ടം കൊയ്യാനൊരുങ്ങി മൂടാടി പഞ്ചായത്ത്; ‘മഞ്ഞള്‍ വനം’ പദ്ധതിയുടെ വിത്തിടല്‍ ചടങ്ങ് നടന്നു


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ മഞ്ഞള്‍വനം പദ്ധയുടെ വിത്തിടല്‍ ചടങ്ങ് നടന്നു. പതിനൊന്നാം വാര്‍ഡില്‍ കാര്‍ഷിക കര്‍ഷകന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വിത്തിടല്‍ പരിപാടി നടന്നത്. കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പ്രഗതി ഇന മഞ്ഞള്‍ വിത്താണ് ഗ്രാമപഞ്ചായത്തിലെ 15 ഗ്രൂപ്പുകള്‍ കൃഷി ചെയ്യുന്നത്. മഞ്ഞള്‍ പൊടി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്താനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്.

ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുളങ്കാടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങുകയാണ്. ജൈവവൈവിധ്യ കലവറയായ കോട്ടയില്‍ ക്ഷേത്ര കാവും വാഴയില്‍ ഭവതി ക്ഷേത്രത്തോട് ചേര്‍ന്ന പാതാളവും ശാസ്ത്രീയ പഠനം നടത്തി കേന്ദ്ര സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റ പൈതൃക സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ കൃഷി ഓഫീസര്‍ ഫൗസിയ ഷഹീര്‍-ഗ്രൂപ്പ് അംഗങ്ങളായ സജിന്ദ്രന്‍ തെക്കേടത്ത്, റഷീദ് എടത്തില്‍, അസൈനാര്‍ എല്‍.കെ. റഷീദ് എ.എം.ആര്‍ എന്നിവര്‍ പങ്കെടുത്തു.