പതിനേഴ് സ്കൂളുകളില്‍ നിന്നായി 213 കുട്ടികള്‍ പങ്കാളികളായി; മാലിന്യപരിപാലനം സംബന്ധിച്ച അറിവുകള്‍ പകര്‍ന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ
മേപ്പയ്യൂര്‍: മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് നവംബര്‍ 14, ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മേപ്പയൂര്‍ ടൗണ്‍ ടി. കെ കണ്വെന്ഷന് ഹാളില്‍ രാവിലെ 10.30ന് ആരംഭിച്ച പരിപാടിയില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ 17 സ്കൂളുകളില്‍ നിന്നായി ആകെ 213 കുട്ടികള്‍ പങ്കെടുത്തു.
സെക്രെട്ടറി കെ.പി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് കുട്ടികള്‍ക്ക് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മാലിന്യ മുക്ത അവലോകന റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സല്‍നലാല്‍ അവതരിപ്പിച്ചു.
വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അവരുടെ സ്കൂളുകളിലെ മാലിന്യ പരിപാലനത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം പങ്കെടുത്ത സ്കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രസിഡന്റ് കെ.ടി.രാജന് അധ്യാപര്‍ക്ക് നല്കി. അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ.കെ.ആര് ചടങ്ങിനു നന്ദി അര്‍പ്പിച്ചു.