2025-26 അധ്യയന വർഷം; പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ ഉൾപ്പടെ മെയ് മാസം സ്കൂളുകളിൽ എത്തും
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പടെ മെയ് മാസം വിതരണം ചെയ്യും. 2,4,6,8,10 എന്നീ ക്ലാസുകളിൽ വരുന്ന അധ്യയന വർഷത്തിൽ പരിഷ്ക്കരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മെയ് അവസാനത്തോടെ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും.
ഇതുവരെ 88.82ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 26.43 ലക്ഷം പാഠപുസ്തകങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലാ ഹബ്ബുകളിൽ എത്തിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ രണ്ടാം വാരം മുതലാണ് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിരുന്നത്.
ഒന്നു മുതൽ പത്താം ക്ലാസ്സു വരെ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ സംസ്ഥാനത്തെ മുഴുവൻ സർക്കാർ/എയിഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ (മലയാളം പാഠപുസ്തകങ്ങൾ) സ്ക്കൂളുകൾ കൂടാതെ ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശത്തെ സ്ക്കൂളുകൾ ചേർന്ന് ഇൻഡൻറ് ചെയ്തിരിക്കുന്നത് 3.86 കോടി പുസ്തകങ്ങളാണ്.