ലോകം നടുങ്ങിയ ദുരന്തത്തിന് ഇന്ന് 19 വയസ്; സുനാമി ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ മലയാളികള്‍
2004 ഡിസംബര്‍ 26! ലോകത്തെ കീഴ്‌മേല്‍ മറിച്ച സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്. ആഞ്ഞടിച്ച രക്ഷാസതിരമാലകള്‍ അന്ന് കവര്‍ന്നെടുത്തത് രണ്ടരലക്ഷം മനുഷ്യജീവനുകളായിരുന്നു. ഇന്തോനേഷ്യയിലെ സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് രാവിലെ ഏകദേശം 7.59നായിരുന്നു സുനാമിയുടെ തുടക്കം. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പിന്നീട് 14 രാജ്യങ്ങളില്‍ നാശം വിതച്ചു. ഇന്തോനേഷ്യയില്‍ മാത്രം 1,76,000 ജീവനുകളാണ് തിരമാലകള്‍ കവര്‍ന്നത്. അഞ്ച് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏകദേശം 800 കിലോമീറ്റര്‍ തീരപ്രദേശം സുനാമി കവര്‍ന്നെടുത്തു.
ഇന്തോനേഷ്യക്ക് ഒപ്പം തന്നെ ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും കനത്ത നഷ്ടമാണ് സുനാമി വരുത്തിവെച്ചത്. ഇന്ത്യയില്‍ തന്നെ പുതുച്ചേരി, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളില്‍ ആഞ്ഞടിച്ച രാക്ഷസ തിരമാലയില്‍ 16,000 ജീവനുകളാണ് പൊലിഞ്ഞു പോയത്.
കേരളത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലായി 236പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. 3000 വീടുകള്‍ തകരുകയും ചെയ്തു. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടുകിലോമീറ്റര്‍ തീരം കടലെടുക്കുകയും ചെയ്തിരുന്നു. ആലപ്പാട് നിന്നും മുപ്പതിലേറെ മൃതദേഹങ്ങളായിരുന്നു അന്ന് കണ്ടെടുത്തത്.
തമിഴ്‌നാട്ടില്‍ 7000 പേര്‍ മരിച്ചു. തമിഴ്‌നാട് ചെന്നൈ മറീനാ ബീച്ചില്‍ ക്രിസ്മസ് ആഘോഷിക്കാനെത്തിയവരായിരുന്നു മരിച്ചവരില്‍ പകുതിയും. വേളാങ്കണ്ണിയിലും കന്യാകുമാരിയിലും യാത്രപോയ മലയാളികളും ഇക്കൂട്ടത്തില്‍പെടുന്നു. ആന്ധ്രാപ്രദേശില്‍ 107പേരും, പുതുച്ചേരിയില്‍ 599 പേരും ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ 3513പേരുമാണ് മരണപ്പെട്ടത്.
സുനാമി ദുരന്തത്തിന് ശേഷം തീരപ്രദേശങ്ങളെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ വര്‍ഷങ്ങളുടെ ശ്രമമാണ് നടന്നത്. എന്നിരുന്നാലും മഹാദുരന്തത്തിന്റെ ഓര്‍മ്മകള്‍ പേറി നിരവധി പേരാണ് ഇന്നും ജീവിക്കുന്നത്. സുനാമിയില്‍ സകലതും നഷ്ടമായവര്‍ക്ക് ഡിസംബര്‍ 26 ഇന്നും ഒരു ദു:സ്വപ്നമാണ്.