പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം
കെ.രാജീവൻ മേപ്പയ്യൂർ
മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്.
അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു വിളിക്കാനുള്ള ബന്ധം സഖാവ് ഉണ്ടാക്കിയെടുത്തിരുന്നു.
2001 മുതല്‍ 2005 വരെ ചാക്കോ മേപ്പയ്യൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലിരുന്നത് ഇടതുപക്ഷം പ്രതിപക്ഷത്തുള്ള കാലമാണ്. ഒട്ടേറെ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം കൊടുത്തിരുന്ന കാലം. ഈ സമരപരിപാടികളില്‍ കോഴിക്കോട് ജില്ലയിലെ നേതൃത്വം സഖാവ് മത്തായി ചാക്കായ്ക്ക് ആയിരുന്നു.
മേപ്പയ്യൂര്‍ തച്ചോളി ബിജുവെന്ന ചെറുപ്പക്കാരനെ പയ്യോളി പോലീസ് സ്റ്റേഷനിൽ ഗരുഡൻ തൂക്കം നടത്തി ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കിയ വേളയില്‍ മത്തായി ചാക്കോ നടത്തിയ ഇടപെടല്‍ മറക്കാനാവാത്തതാണ്. ബിജുവിനെ കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി സ്റ്റേഷനില്‍ തലകീഴായി കെട്ടി തൂക്കിയ വിവരം അറിഞ്ഞ അദ്ദേഹം പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പോലീസ് മാർച്ച് തടഞ്ഞപ്പോൾ ചാക്കോ നടത്തിയ ഒരു പ്രസംഗമുണ്ട്. ഓർക്കുമ്പോളെന്നും കോരിത്തരിപ്പുണ്ടാക്കുന്ന പ്രസംഗം. അന്നത്തെ ആ മാര്‍ച്ചോടെ വിഷയം സംസ്ഥാന തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാവുകയും ചെയ്തു. സമരമുഖങ്ങളിൽ പിന്നീട് പലതവണഞങ്ങൾക്ക് രക്ഷകനായി ആവേശം പകർന്നു ചാക്കോ തുടർന്നു.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ അദ്ദേഹം എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. ക്യാമ്പസുകളില്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച 1980കളിലാണ് ചാക്കോ എസ്.എഫ്.ഐ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായത്.
ഡി.വൈ.എഫ്.ഐ നേതാവെന്ന നിലയിലും നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1986ലെ മന്ത്രിമാരെ വഴിയില്‍ തടയുന്ന സമരത്തിലും കൂത്തുപറമ്പ് വെടിവയ്പില്‍ പ്രതിഷേധിച്ച് മന്ത്രിയായിരുന്ന എം.വി.രാഘവനെ തടഞ്ഞതിന് പുതിയാപ്പയില്‍ നടന്ന ലാത്തിച്ചാര്‍ജിലും നാല്‍പ്പാടി വാസു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജിലുമെല്ലാം അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പലപ്പോഴായി ജയില്‍വാസവുമനുഭവിച്ചു.
അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ എം.എല്‍.എയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് തിരുവമ്പാടിയില്‍ നിന്നാണ് മത്സരിച്ചത്. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ വിജയം നേടിയെങ്കിലും രോഗബാധിതനായതിനാല്‍ മണ്ഡലത്തില്‍ പോകാനോ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയാണ് സ്പീക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തിരികെ വരുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി 2006 ഒക്ടോബർ 13 ന് വിപ്ലവ പ്രസ്ഥാനത്തിന് കനത്ത നഷ്ടം ബാക്കിയാക്കി സഖാവ് യാത്രയായി.