15ലക്ഷം ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കിപ്പുറവും അരിക്കുളം ഊട്ടേരിക്കുന്ന് കുടിവെള്ള പദ്ധതിക്ക് കീഴില്‍ ജലവിതരണമില്ല; കുടിവെള്ളമില്ലാതെ 150ലേറെ കുടുംബങ്ങള്‍ ദുരിതത്തില്‍
ഉട്ടേരി: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ 15ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കിപ്പുറവും ഊട്ടേരിക്കുന്ന് കുടിവെള്ള പദ്ധതിയ്ക്കു കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടുന്നില്ലെന്ന് പരാതി. അരിക്കുളം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലായി 150ലേറെ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്. ഊട്ടേരിക്കുന്ന്, പുത്തൂര്‍ കുന്ന് നിവാസികളാണ് കുടിവെള്ളം ലഭിക്കാതെ ഏറെ പ്രയാസപ്പെടുന്നത്.
ഇരുപത്തിരണ്ട് ഈ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഊട്ടേരിക്കുന്ന് കുടിവെള്ള പദ്ധതി. പാറക്കുളങ്ങര ഹൈസ്‌കൂളിന് സമീപത്തുളള കിണറ്റില്‍ നിന്നും ഊട്ടേരിക്കുന്നിലെ ടാങ്കില്‍ വെള്ളം സംഭരിച്ച് വിതരണം ചെയ്യുകയാണ് ചെയ്തിരുന്നത്. വൈദ്യുതി ചാര്‍ജ് അടക്കമുള്ള കാര്യങ്ങള്‍ക്കായി ഓരോ കുടുംബത്തില്‍ നിന്നും 150 രൂപവീതം മാസവരിയായി പിരിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും പൈപ്പ് പൊട്ടുകയും മോട്ടോര്‍ തകാറിലാവുകയും ചെയ്തതോടെയാണ് ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്. നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് നടന്നത്. എന്നാല്‍ ഇതുവരെ കുടിവെള്ളം കിട്ടിയിട്ടില്ലെന്ന് ഗുണഭോക്താക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
എന്നാല്‍ ഗുണഭോക്താക്കള്‍ വിഹിതം അടയ്കാത്തതിനാലാണ് കുടിവെള്ള കണക്ഷന്‍ കട്ട് ചെയ്യേണ്ടിവന്നതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പറായ പ്രകാശന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 150 രൂപ വിഹിതം അടയ്‌ക്കേണ്ടതില്‍ നാലും അഞ്ചും മാസമായി പണം അടയ്ക്കാത്തവരുണ്ട്. ഇത് ശേഖരിക്കാന്‍ പോകുന്നവര്‍ പലതവണ ഇവരുടെ വീടുകള്‍ കയറി ഇറങ്ങിയിട്ടും പൈസ കിട്ടാത്ത സ്ഥിതിയാണ്. 11000ത്തോളം രൂപ കെ.എസ്.ഇ.ബിയ്ക്ക് നിലവില്‍ കുടിശ്ശികയായി നല്‍കാനുണ്ട്. ഇക്കാര്യം പലതവണ കുടിവെള്ള കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. പകുതിയെങ്കിലും അടച്ചാല്‍ ജലവിതരണം പുനസ്ഥാപിക്കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പണം കിട്ടാതായതോടെയാണ് കണക്ഷന്‍ കട്ട് ചെയ്യേണ്ട സ്ഥിതിവന്നതെന്നും പ്രകാശന്‍ വ്യക്തമാക്കി.
ഊട്ടേരിക്കുന്ന്, പുത്തൂര്‍ കുന്ന് ഭാഗങ്ങൡ പല വീടുകളിലും കിണറില്ല. ഇവര്‍ കുടിവെള്ളമില്ലാതെ ഏറെ പ്രയാസത്തിലാണ്. പഞ്ചായത്തില്‍നിന്നും ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം ഇതുവരെ ആരംഭിച്ചിട്ടുമില്ല.