ഓപ്പറേഷന്‍ യെല്ലോ തുടരുന്നു; ചേമഞ്ചേരി പഞ്ചായത്തിൽ അനധികൃതമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ച 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു


കൊയിലാണ്ടി: ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിലപീടിക, വെങ്ങളം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടെത്തി. 1,000 സ്‌ക്വയർഫീറ്റില്‍ അധികം വിസ്തൃതിയുള്ള വീട്, നാലുചക്ര സ്വകാര്യവാഹനം എന്നിവ സ്വന്തമായുള്ളവര്‍ അനധികൃതമായി മുന്‍ഗണനാകാര്‍ഡുകളും പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകളും കൈവശം വെച്ച് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്.

ഇത്തരത്തിലുള്ള 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അവരില്‍ നിന്ന് അനര്‍ഹമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഈടാക്കാനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇതുവരെ നടന്ന പരിശോധനകളില്‍ 83 അനര്‍ഹ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും 3,26,464 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ 0496 2620253 എന്ന നമ്പറില്‍ അറിയിക്കാമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലേഷ്.എം, ഷിബു.വി.വി ഓഫീസ് ജീവനക്കാരായ ജ്യോതിബസു.കെ, സജിത്ത്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.