ഉള്ള്യേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിന് 5.75കോടി; ബാലുശ്ശേരിയിലെ 12 ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി 11.8 കോടി രൂപയുടെ പദ്ധതികള്‍
ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ വികസനത്തിന് 11.8 കോടി രൂപയുടെ പദ്ധതികള്‍. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിരക്ഷക്കായി അനുവദിച്ച ഫണ്ടില്‍ ബാലുശ്ശേരി മണ്ഡലത്തിലെ 12 ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും. ഉള്ളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 5.75 കോടിയുടെ നിര്‍മ്മാണ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇതിനായി ഈ സാമ്പത്തികവര്‍ഷത്തില്‍ 1.15 കോടി രൂപയാണ് ആദ്യ ഗഡുവായി അനുവദിച്ചത്.
കായണ്ണ പഞ്ചായത്തിലെ കായണ്ണ എച്ച്.ഡബ്ല്യൂ.സി, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കക്കഞ്ചേരി, കുന്നത്തറ, ഒറവില്‍ എച്ച്.ഡബ്ല്യൂ.സി, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ഏകരൂല്‍, ഇയ്യാട്, കരുമല, കരിയാത്തന്‍ കാവ് എച്ച്.ഡബ്ല്യൂ.സി, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കുറുമ്പൊയില്‍, പനങ്ങാട് എച്ച്.ഡബ്ല്യൂ.സി സെന്ററുകള്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ എരപ്പാതോട് എച്ച്.ഡബ്ല്യൂ.സി എന്നിവക്ക് 55 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതികളായി കണക്കാക്കി നിലവില്‍ അനുവദിച്ച തുകയുടെ പ്രവൃത്തി നടപടികള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് കെ.എം.സച്ചിന്‍ദേവ് എം എല്‍ എ അറിയിച്ചു.