‘സ്മാര്‍ട്ട് കുറ്റ്യാടി അറിവുത്സവം 2023’; 11 ഹൈസ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു


കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാര്‍ട്ട് കുറ്റ്യാടി’യുടെ നേതൃത്വത്തില്‍ ‘അറിവുത്സവം 2023’ നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

നിയമസഭയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 11 ഹൈസ്‌കൂളുകള്‍ക്ക് പുസ്തകം വാങ്ങാനായി എം.എല്‍.എ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 2.75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ഔപചാരിക ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.

പ്രമുഖ സാഹിത്യകാരി ബി.എം. സുഹറ മുഖ്യാതിഥിയായി. വി. ബാബുരാജന്‍ ‘വായനയാണ് ലഹരി’ എന്ന് വിഷയത്തില്‍ ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടില്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്മാര്‍ട്ട് കുറ്റ്യാടി കണ്‍വീനര്‍ പി.കെ. അശോകന്‍, സംഘാടക സമിതി കണ്‍വീനര്‍ പി.കെ. ബാബു, പ്രൊജക്റ്റ് കോഡിനേറ്റര്‍ ടി. മോഹന്‍ദാസ്, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.