സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി കുറ്റ്യാടി ജി.എച്ച്.എസ്.എസിലെ കുട്ടികൾ; ഹാപ്കിഡോയിൽ ഇന്ത്യയ്ക്കായി മത്സരിക്കാൻ മുഹമ്മദ് അൻസിലും
കുറ്റ്യാടി: ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന ഹാപ്കിഡോ, വുഷു, ബോക്സിങ് മത്സരങ്ങളിലാണ് സംസ്ഥാന തലത്തിന് പിന്നാലെ ദേശീയ തലത്തിലും മികവാർന്ന പ്രകടനം വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. സംസ്ഥാന-ദേശീയ മത്സരങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം മെഡലുകൾക്കാണ് വിദ്യാർത്ഥികൾ അർഹമായത്.
പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് അൻസിലാണ് പശ്ചിമ ബംഗാളിൽ നടന്ന ദേശീയതല ഹാപ്കിഡോ മത്സരത്തിൽ സ്വർണമെഡൽ നേടിയത്. കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മുഹമ്മദ് അൻസിൽ പങ്കെടുക്കും. വുഷു സംസ്ഥാനതല മത്സരത്തിൽ സ്വർണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. വുഷു മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതും കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിനുതന്നെയാണ്.
വുഷു മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് രിസ്വാൻ, പ്ലസ്ടു വിദ്യാർഥി അനുഷിൻ എന്നിവർ സ്വർണ മെഡലും, മുഹമ്മദ് നാഫിൽ വെള്ളിയും, ദിൽഷാദ് വെങ്കലവും കരസ്ഥമാക്കി. സംസ്ഥാനതല ബോക്സിങ് മത്സരത്തിൽ പ്ലസ്ടു വിദ്യാർഥി അദ്നാൻ അബ്ദുല്ലയാണ് വെള്ളി മെഡൽ നേടിയത്. സ്കൂളിന്റെയും നാടിന്റെയും അഭിമാനമായിത്തീർന്ന പ്രതിഭകളെ അധ്യാപകരും പി.ടി.എയും എസ്.എം.സിയും അഭിനന്ദിച്ചു.
Summary: Children of Kuttyadi GHSS bag medals in state and national competitions; Muhammad Ansil to compete for India in Hapkido