വേളം കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തുമ്പോഴും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ പകുതിയിലേറെ കുറഞ്ഞു


വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. എന്നാല്‍ എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഭൂരിപക്ഷം താഴുകയാണ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തവണ 294 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കെ.കെ മനോജ് വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ ഇത് പകുതിയിലേറെ കുറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങളായ് എല്‍.ഡി.എഫാണ് വാര്‍ഡ് നിലനിര്‍ത്തുന്നത്. ശക്തമായ പ്രചാരണങ്ങളായിരുന്നു ഇത്തവണ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും വാര്‍ഡില്‍ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ചയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തിരുന്നു.

യു.ഡി.എഫിനായി വിദ്യാര്‍ഥിനേതാവ് ശാനിബ് ചെമ്പോടും ബി.ജെ.പി സ്ഥാനാര്‍ഥിയായി ടി.എം. ഷാജുവുമാണ് എതിര്‍സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത്. രാവിലെ 10 മണിയോടെ പൂളക്കൂല്‍ കമ്യൂണിറ്റി ഹാളിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

കുറിച്ചകം വാര്‍ഡ് മെമ്പറായിരുന്ന സി.പി.എമ്മിന്റെ കെ.കെ മനോജ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മെമ്പര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു ഇതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. .