വേനലാണ്, ചർമ്മത്തിനും വേണം കൂടുതല്‍ കരുതൽ; ചർമ്മ സംരക്ഷത്തിന് ഇതാ ചില പൊടികെെകൾ


വേനൽക്കാലം ഇങ്ങെത്തിക്കഴിഞ്ഞു. പുറത്തേക്കിറങ്ങാൻ പോലും വയ്യാത്ത ചൂടാണ് പലപ്പോഴും. അതുകൊണ്ടുതന്നെ ചര്‍മ്മരോഗങ്ങളും കൂടാന്‍ സാധ്യത ഏറെയാണ്. വേനൽകാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചർമ സംരക്ഷണവും. നമ്മുടെ വീടുകളില്‍ തന്നെ ലഭിക്കുന്ന പ്രകൃതി ചേരുവകള്‍ ഉപയോഗിച്ച്, ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാൻ സാധിക്കും. വേനൽക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങളിതാ…

നിർജലീകരണത്തിന് സാധ്യതയുള്ളതിനാൽ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ വിവിധതരം ചര്‍മ്മ രോഗങ്ങളോട് യുദ്ധം ചെയ്യാന്‍ ‘സ്‌നിഗ്ദട’ അഥവാ ശരീരത്തിലെ ആന്തര ജലീകരണം സഹായകമാകും. അതിനാൽ ദിവസവും നന്നായി വെള്ളം കുടിക്കണം. ഇടയ്ക്ക് മറന്നു പോകാതിരിക്കാന്‍ വേണമെങ്കില്‍ ഒരു ടൈംടേബിള്‍ തന്നെ തയ്യാറാക്കാം. ചായ, കാപ്പി തുടങ്ങിയവയ്ക്ക് പകരമായി ഇളനീര്‍, സര്‍ബത്ത്, കരിമ്പ് ജ്യൂസ്, നാരങ്ങവെള്ളം, സംഭാരം എന്നിവ കുടിക്കുക.

സൺസ്‌ക്രീന്‍

വേനൽകാലത്തെ ചർമ്മ സംരക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സൺസ്‌ക്രീൻ. കടുത്ത വെയിൽ ചർമ്മത്തിൽ പതിക്കുന്നത് കാൻസർ വരാനുള്ള സാധ്യത പോലും വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലം ചർമ്മത്തിൽ ചുളിവുകൾ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തു പോകുമ്പോഴെല്ലാം സൺസ്‌ക്രീൻ പുരട്ടുക. കുറഞ്ഞത് SPF 30 ഉള്ള സൺസ്‌ക്രീൻ പുരട്ടാൻ ശ്രദ്ധിക്കുക. ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്ന അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകും. ഒരു മോയ്‌സ്ചുറൈസർ പോലെ, ഇത് പരിസ്ഥിതി മലിനീകരണത്തിനെതിരായ ഒരു വലിയ കവചമായി ചർമ്മത്തിൽ പ്രവർത്തിക്കുന്നു.

ഫെയ്‌സ് മാസ്‌ക്

നിങ്ങളുടെ ചർമ്മത്തിന് ക്ഷീണം അനുഭവപ്പെടുകയും സൂര്യപ്രകാശത്തിനു കീഴിൽ കൂടുതൽ നേരം നിൽക്കുന്നത് മൂലം ചർമ്മത്തിൽ കരുവാളിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ, ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കുന്നത് അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പ മാർഗമാണ്.

മുള്‍ട്ടാണി മിറ്റി ഫെയ്‌സ് മാസ്‌കും പാലും ചേര്‍ത്ത് ഉണങ്ങിയ ചര്‍മ്മത്തില്‍ പുരട്ടുക, എണ്ണമയമുള്ള ചര്‍മ്മത്തിന് തേനും, സാധാരണ ചര്‍മ്മത്തില്‍ വെള്ളവും ഉപയോഗിക്കുക, ഇത് ത്വക്കിന് സ്വാഭാവിക തിളക്കം നല്‍കുന്നു. രണ്ട് ടീസ്പൂണ്‍ നാരങ്ങനീരും വേവിച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും. മഞ്ഞൾ ചർമ്മത്തിന് ആരോഗ്യകരമായ ഒരു തിളക്കം നൽകുന്നു, അതേസമയം മുൾട്ടാനി മിട്ടി ഉന്മേഷദായകവും തിളക്കമുള്ളതുമായ ചർമ്മത്തിനായി അടഞ്ഞുപോയ എല്ലാ സുഷിരങ്ങളും തുറക്കുന്നു.

സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന നിരവധി ഘടകങ്ങല്‍ കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറുവപ്പട്ട പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി മുഖത്ത് തേക്കുക. ഈ മിശ്രിതം മുഖത്ത് നിന്നും നിര്‍ജീവ കോശങ്ങള്‍ നീക്കം ചെയ്ത് പ്രകൃതിദത്തമായ തിളക്കം നല്‍കുന്നു.

സ്‌കിന്‍ ടോണറുകള്‍

തൊലി വൃത്തിയാക്കാനും, ചര്‍മ്മത്തിലെ വിടവ് കുറയ്ക്കുന്നതിനും, സുഷിരങ്ങള്‍ അടയ്ക്കാനും സ്‌കിന്‍ ടോണറുകള്‍ വളരെ ഉപയോഗപ്രദമാണ്. നിങ്ങളുടെ ചര്‍മ്മം എങ്ങനെ എന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരു ടോണര്‍ തയ്യാറാക്കുക. ആപ്പിള്‍ സൈഡര്‍ വിനിഗറും വെള്ളവും 1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത ഗ്രീന്‍ ടീ, കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ ജെല്‍ എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കുന്നു.

വേനലാണെങ്കിലും ഓരോ ദിവസവും അനുഭവപ്പെടുന്ന താപനിലിയിൽ വ്യത്യാസം ഉണ്ടാാവും, അത് ചർമ്മത്തെ ബാധിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ എസി മുറികളില്‍ നിന്നോ, തണുപ്പുള്ള ഇടങ്ങളില്‍ നിന്നോ നേരിട്ട് കൊടും ചൂടുള്ള അന്തരീക്ഷത്തിലേക്ക് ഇറങ്ങാതിരിക്കുക. നേരെ തിരിച്ച്, ചൂടുകൂടിയ അന്തരീക്ഷത്തില്‍ നിന്ന് പെട്ടെന്ന് നേരിട്ട് എസി മുറികളിലേക്ക് പോകാതിരിക്കുന്നതിലൂടെ നമുക്ക് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും.

Summary: skin care during summer