വാണിമേലില്‍ വ്യാപാരിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പ്രതികളെ കണ്ടെത്തുന്നതിനായ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ്
വാണിമേല്‍: വ്യാപാരിയുടെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. ഭൂമിവാതുക്കല്‍ ടൗണിലെ മലഞ്ചരക്ക് വ്യാപാരി പരപ്പുപാറേമ്മല്‍ കുഞ്ഞാലിഹാജിയുടെ വീടിനുനേരെയാണ് അജ്ഞാതസംഘം സ്‌ഫോടക വസ്തു എറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
വീടിന്റെ മുന്‍വശത്തെ ജനലിനുനേരെയാണ് അക്രമമുണ്ടായത്. ജനലിന്റെ തൊട്ടടുത്ത് സ്‌ഫോടക വസ്തു പതിച്ചതിന്റെ അടയാളമുണ്ട്. വളയം പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന വാണിമേലില്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന നിലപാടിലാണ് പോലീസ്. സാമൂഹ്യ ദ്രോഹികളുടെ ആക്രമണത്തിന്റെ കാരണം ഊര്‍ജ്ജിതമായി അന്വേഷിച്ചു വരികയാണെന്നും വളയം പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.