വര്‍ക്കല ബീച്ചില്‍ പാരാഗ്ലൈഡിങിനിടെ  ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടം; മൂന്നു പേര്‍ അറസ്റ്റില്‍, വിനയായത് നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള പരിധിവിട്ട പറക്കല്‍


വര്‍ക്കല: വിദേശികളടക്കം നിരവധി സഞ്ചാരികളെത്തുന്ന വര്‍ക്കലയിലെ പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടം. പരിശീലകനുള്‍പ്പടെ പാരാഗ്ലൈഡിങ് കമ്പനിയിലെ മൂന്നു പേര്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പെട്ടത്.

പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും  ഒന്നരമണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് താഴെയെത്തിച്ചത്.അപകട കാരണം ഏജന്‍സിയ്ക്കു വീഴ്ചയാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ്, മറ്റു ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിന്റെ ഉടമയായ ജനീഷ് ഒളിവിലാണ്.

കാറ്റു ശക്തിയായി വീശിയപ്പോള്‍ ദിശ മാറി പോയി എന്നതായിരുന്നു അപകടത്തെക്കുറിച്ച് പരിശീലകന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പാരാഗ്ലൈഡിങ് നടത്താന്‍ നഗരസഭ അനുവദിച്ചിട്ടുള്ള പരിധി ലംഘിച്ചാണ് പാരഗ്ലൈഡറുകള്‍ പറക്കുന്നതെന്നാണ് പൊലീസ് നിരീക്ഷണം. കടല്‍ത്തീരത്തിനു മുകളില്‍ക്കൂടി മാത്രം സഞ്ചരിക്കണമെന്നും ഹൈമാസ്റ്റ് ലൈറ്റുള്ള  ഭാഗം ഒഴിവാക്കണമെന്നും ഇവര്‍ക്ക് കൃത്യമായി നിര്‍ദേശം നല്‍കിയതാണ്. നിര്‍ദേശങ്ങള്‍ പാലിക്കാത സഞ്ചാരമാണ് അപകടത്തിനു കാരണമായത്.

ആദ്യമായാണ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായതെങ്കിലും വൈദ്യുതത്തൂണുകളില്‍ ഇതിനു മുമ്പും കുടുങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അപ്പോഴെല്ലാം വൈദ്യുതിബോര്‍ഡില്‍ നഷ്ടപരിഹാരത്തുക അടച്ച് കേസില്‍ നിന്ന് ഒഴിവാകുകയാണ് പതിവ്.