‘ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റം, നാടിന്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം’; വേളത്തെ ഒ.പി രാഘവന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ
വേളം: പ്രമുഖ സിപിഐ നേതാവും മുൻ വേളം ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഒ.പി രാഘവന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ. നാലു പതിറ്റാണ്ടിലേറെക്കാലം പൊതു രംഗത്ത് സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ഒ.പി രാഘവൻ.
തികഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും സത്യസന്ധതയും പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. എന്നും സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും നാടിന്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻ നിന്ന് പ്രവർത്തിച്ച രാഷ്ട്രീയ നേതാവ്. ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹവും ആദരവും ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സിപിഐ വേളം ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി, പള്ളിയത്ത് ബ്രാഞ്ച് സെക്രട്ടറി, എഐടിയുസി നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ സംഘടന രംഗത്തും വേളം ഗ്രാമ പഞ്ചായത്ത് മെമ്പർ, പൂളക്കൂൽ ക്ഷീര സംഘം പ്രസിഡണ്ട് എന്നീ നിലകളിൽ ഭരണ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒപി രാഘവന് സാധിച്ചിരുന്നു. വ്യക്ക സംബന്ധമായ അസൂഖത്തിന് ചികിത്സയിലിരിക്കെയാണ് ഒ പി രാഘവൻ അന്തരിച്ചത്. നൂറു കണക്കിന് പേർ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻപഞ്ചായത്ത് അംഗവുമായ ഒ.പി രാഘവൻ അന്തരിച്ചു
Summary: cpi leader op raghavan passed away