ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല നടക്കുന്നതിനു സമീപം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന; മലപ്പുറത്ത് ഒരാള്‍ പിടിയില്‍


മലപ്പുറം: ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന, ഒരാള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശി അഭിലാഷാണ് പിടിയിലായത്. ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വണ്ടൂരില്‍ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല സ്ഥലം എം.എല്‍.എ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് ഇയാള്‍ വിദഗ്ധമായി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ചത്.

തൊട്ടടുത്തുള്ള സ്‌കൂളിനോട് ചേര്‍ന്നുള്ള റോഡരികില്‍ വച്ചായിരുന്നു കഞ്ചാവ് വിതരണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് കണ്ടത് കുട്ടികള്‍ക്ക് കഞ്ചാവു പൊതികള്‍ വില്‍പ്പന നടത്തുന്ന അഭിലാഷിനെയാണ്. പോലീസിനെ കണ്ടതും, കഞ്ചാവ് പൊതികള്‍ വലിച്ചെറിഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കലില്‍ നിന്ന് ചെറിയ ആറോളം കഞ്ചാവു പൊതികള്‍ പൊലീസ് കണ്ടെടുത്തു.

ഇയാളുടെ സ്‌ക്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

summary: police arrested a man selling ganja in Malappuram