‘റോബിനെ ബിഗ് ബോസ് ഇറക്കി വിട്ട പോലെ നിര്‍ദ്ദയം നിഷ്ഠൂരം റിട്ടയര്‍മെന്റ്’; രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ആക്ഷേപഹാസ്യ കവിതയുമായി കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി
കൊയിലാണ്ടി: രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടായിരം രൂപാ നോട്ടുകളുടെ അവതാര ലക്ഷ്യം കൈവരിച്ചു എന്ന കാരണം പറഞ്ഞാണ് ആര്‍.ബി.ഐ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും ട്രോളുകളുമാണ് ആര്‍.ബി.ഐ തീരുമാനത്തെ കുറിച്ച് പ്രത്യക്ഷപ്പെടുന്നത്.
ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു കവിത. വെറും കവിത അല്ല, ആക്ഷേപഹാസ്യ കവിതയാണ് ഇത്. നോട്ട് നിരോധന കാലത്തെ ജനങ്ങളുടെ ബുദ്ധിമുട്ടും ഇപ്പോള്‍ നിശബ്ദമായി രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നതുമെല്ലാം കവിതയില്‍ വളരെ രസകരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
കൊയിലാണ്ടി സ്വദേശിയും മാധ്യമപ്രവര്‍ത്തകനും ഗാനരചയിതാവുമായ നിധീഷ് നടേരിയാണ് നോട്ട് പിന്‍വലിക്കലിനെ കുറിച്ചുള്ള ആക്ഷേപഹാസ്യ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. റോബിനെ ബിഗ് ബോസ് ഇറക്കി വിട്ടത് പോലെയാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടായിരം രൂപാ നോട്ടിനെ ഇറക്കി വിടുന്നതെന്നാണ് കവിതയില്‍ പറയുന്നത്. ഒപ്പം ഇത്തവണത്തെ നോട്ട് നിരോധനത്തില്‍ വീമ്പും വീരസ്യവും ക്യൂവും ക്യൂവില്‍ നില്‍ക്കുന്നവരുടെ മരണവുമൊന്നുമില്ലെന്നും കവിതയില്‍ പറയുന്നു. കവിത പൂർണ്ണരൂപത്തിൽ താഴെ വായിക്കാം.
നിധീഷ് നടേരിയുടെ കവിത:
ആയിരത്തിന്റെ
വിരമിക്കലെന്തൊരു
വിരമിക്കലായിരുന്നു
അപ്രതീക്ഷിത
പത്ര സമ്മേളനം
നാടകം
നാടൊട്ടുക്ക് നടയടി
പഞ്ചാരി
പെരുവഴി വരി
പച്ചാസ് ദിന്‍ പൂരം
ജഗപൊക
പൊക
രണ്ടായിരത്തിന്
റോബിനെ ബിഗ് ബി
ഇറക്കിവിട്ട പോലെ
നിര്‍ദ്ദയം
നിഷ്ഠൂരം
റിട്ടയര്‍മെന്റ്
ആഘോഷമില്ല
ആര്‍പ്പുവിളിയില്ല
വീമ്പില്ല
വീരസ്യമില്ല
ക്യൂവില്ല
ക്യൂവില്‍ ചാവില്ല