മുസ്ലിമായ ഗുരുക്കള്‍ക്ക് വുളുവെടുക്കാന്‍ കിണ്ടിയില്‍ വെള്ളവും നിസ്‌കരിക്കാന്‍ പായയും നല്‍കി സാക്ഷാല്‍ മുത്തപ്പന്‍, തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് അള്ളാഹുവിനെ സ്തുതിച്ച് നിസ്‌കാരം; മതസാഹോദര്യത്തിന്റെ അടയാളമായി മാവൂര്‍ കിടാപ്പില്‍ മുത്തപ്പന്‍ ഗുരുക്കള്‍ ഭഗവതി ക്ഷേത്രം (വീഡിയോ കാണാം)


കോഴിക്കോട്: എന്താണ് കേരളത്തെ ഇന്ത്യയിലെ മറ്റ് നാടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? നാനാജാതി മതസ്ഥരും തിങ്ങിപ്പാര്‍ക്കുമ്പോഴും അസ്വാരസ്യങ്ങളില്ലാതെ എല്ലാവരും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകുന്ന മതേതര സമൂഹമാണ് എന്നത് തന്നെയാണ് നമ്മുടെ പ്രത്യേകത. പലരും പലതരത്തിലും ഈ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഒന്നിച്ച് നിന്ന് ചെറുക്കുന്ന പാരമ്പര്യമാണ് നമ്മുടെ നാടിന്.

നമ്മുടെ നാടിന്റെ ഈ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ധാരാളം അടയാളങ്ങള്‍ ഇവിടെയെല്ലാം കാണാം. കോഴിക്കോട് തന്നെ എടുക്കുകയാണെങ്കില്‍ സാമൂതിരിയുടെ കപ്പല്‍പ്പടയുടെ തലവനായിരുന്നത് മുസ്ലിമായ കുഞ്ഞാലി മരയ്ക്കാറായിരുന്നു. നമ്മുടെ നാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്കിടയിലും കമ്ണിനും മനസിനും കുളിര്‍മ്മയേകുന്ന ഇത്തരം നിരവധി കാഴ്ചകളുണ്ട്.

അത്തരമൊന്നാണ് മാവൂര്‍ കിടാപ്പില്‍ മുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവക്കാഴ്ച. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ മുത്തപ്പനും ഗുരിക്കളുമാണ്. ക്ഷേത്രമതിൽകെട്ടിനകത്ത് ഒരു പള്ളിയറയിലാണ് ഹിന്ദുവായ മുത്തപ്പന്റെയും മുസ്ലിമായ ഗുരിക്കളുടെയും പ്രതിഷ്ഠകളുള്ളത്. ക്ഷേത്രത്തിൽ വർഷന്തോറും മതമൈത്രി സന്ദേശമേകി അപൂർവ തിറയും അരങ്ങേറാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്തെ നാട്ടുപ്രമാണിയായ മുത്തപ്പനും ഗുരിക്കളും തമ്മിലുള്ള ആത്മസൗഹൃദമാണ് വര്‍ഷങ്ങളായി തുടരുന്ന തിറയാട്ടത്തിന് പിന്നിലെ ഐതിഹ്യം.

ഉത്സവദിവസം വെള്ളാട്ടാണ് ക്ഷേത്രമുറ്റത്ത് ആദ്യം അരങ്ങേറുക. ലളിതവേഷ വിധാനത്തോടെയാണ് ഇരുവരും വെള്ളാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മുത്തപ്പന് മുഖത്ത് മിനുക്കും തലപ്പാവും തുണികൊണ്ടുള്ള അരയടയും മറ്റുമാണുള്ളത്. കൈലി മുണ്ടും ബനിയനും അരയിൽ അരപ്പട്ടയും ധരിച്ച് രംഗത്തിറങ്ങുന്ന ഗുരിക്കൾക്ക് താടിയും നെറ്റിയിൽ നിസ്കാരത്തഴമ്പും തലയിൽ തൊപ്പിയുമുണ്ടാകും.

ക്ഷേത്രമുറ്റത്തെത്തുന്ന ഗുരിക്കൾ മുത്തപ്പനുമായി പരിചയപ്പെടുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്യുന്നതാണ് വെള്ളാട്ടിൽ അരങ്ങേറുന്നത്. തുടർന്ന് ഗുരിക്കൾ തന്റെ അഭ്യാസപാടവം മുത്തപ്പനുമുന്നിൽ പ്രദർശിപ്പിക്കും. ഏറെനേരം നീളുന്ന വെള്ളാട്ടിനിടെ ക്ഷേത്രമുറ്റത്ത് ബാങ്കുവിളിയും നമസ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഗുരിക്കൾ അഭിനയിക്കും. ഈ വെള്ളാട്ടിനുശേഷം അരങ്ങേറുന്ന തിറയാട്ടത്തിൽ ഇരുവേഷങ്ങളും ഏറെ വ്യത്യസ്തമായിരിക്കും. ഈ തിറയാട്ടത്തിൽ ഇരുവർക്കും പുറമെ മറ്റ് പല വേഷക്കാരും എത്തും.

മുത്തപ്പന്റെയും ഗുരിക്കളുടെയും വാസസ്ഥലത്തേക്ക് അതിക്രമിച്ചുവരുന്നവരുമായി രണ്ടുപേരും ചേർന്ന് നടത്തുന്ന പോരാട്ടങ്ങളും യുദ്ധവുമാണ് തിറയാട്ടത്തിന്റെ കഥാതന്തു. ചെണ്ട, ഇലത്താളം, കുറുങ്കുഴൽ എന്നീ വാദ്യങ്ങളുടെ താളത്തിനൊപ്പമാണ് തിറയാട്ടം അരങ്ങേറുന്നത്. സുബ്രഹ്‌മണ്യന്‍, ഭഗവതി, തുടങ്ങി നിരവധി പ്രതിഷ്ഠകള്‍ക്കെല്ലാം മുകളിലായി മുത്തപ്പനും ഗുരുക്കളും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്ന തിറയാട്ടത്തിന് സഹായവുമായി പ്രദേശത്തെ ഇതര മതസ്ഥരുമൊത്തൊരുമിക്കുന്നു. ചാത്തമംഗലം തിറയാട്ട കലാസമിതിയാണ് ഇത്തവണ ക്ഷേത്രത്തിൽ തിറയാട്ടം അവതരിപ്പിച്ചത്.

Summary: Mavoor kidappil muthappan bagavathi temple thira mahothsavam