മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണാനുമതി ഫെബ്രുവരി ഏഴ് വരെ നീട്ടി ഹൈക്കോടതി; ആഭ്യന്തരമന്ത്രാലയത്തിലെ ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: കോഴിക്കോട് ആസ്ഥാനമായുള്ള മീഡിയ വണ്‍ വാര്‍ത്താ ചാനലിന് സംപ്രേക്ഷണം തുടരാനുള്ള ഇടക്കാല അനുമതി ഹൈക്കോടതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി ഏഴ് തിങ്കളാഴ്ച വരെ മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണം തുടരാം. ജസ്റ്റിസ് എന്‍.നഗരേഷിന്റെതാണ് ഉത്തരവ്.
ജനുവരി 31 നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് ലൈസന്‍സ് റദ്ദാക്കുന്നത് എന്ന് മാത്രമാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചത്.
ഇതിനെതിരെ മീഡിയ വണ്‍ അന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുകയും കേന്ദ്രസര്‍ക്കാറിന്റെ വിലക്കിന് രണ്ട് ദിവസത്തേക്ക് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. സ്റ്റേ ലഭിച്ച് ഉടന്‍ ചാനല്‍ സംപ്രേക്ഷണം പുനരാരംഭിച്ചു. ഈ കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഇടക്കാല ഉത്തരവ് കോടതി നീട്ടി നല്‍കിയത്.
സുരക്ഷാ കാരണങ്ങളാണ് ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്ന വാദം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് നഗരേഷ് കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
ദേശസുരക്ഷ എന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കഴിയില്ലെന്ന് മീഡിയ വണ്ണിന്റെ അഭിഭാഷകന് പറഞ്ഞു. ദേശ സുരക്ഷ എന്ന കാരണം പറഞ്ഞ് വിവരങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയില്ല എന്ന പെഗാസസ് കേസിലെ സുപ്രീം കോടതി ഉത്തരവ് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തെ സര്‍ക്കാറുകള്‍ മാനിക്കണമെന്നും മറ്റൊരു സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ചാനലിന്റെ സംപ്രേക്ഷണം തുടരാമെന്നുള്ള ഇടക്കാല ഉത്തരവ് നീട്ടണമെന്ന മീഡിയ വണ്‍ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കേന്ദ്രസര്‍ക്കാറിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനുവും മീഡിയ വണ്ണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് എസ്.ശ്രീകുമാറും ഹാജരായി.