സംസ്ഥാനം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണ്ണമല്ല; സില്‍വര്‍ലൈനിന് തൽക്കാലം അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിന് തൽക്കാലം അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എം.പിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, കെ.മുരളീധരന്‍ എം.പി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്‌

കേരളം നല്‍കിയ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) പൂര്‍ണ്ണമല്ലെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. പദ്ധതി പ്രായോഗികമാണോ എന്ന് വ്യക്തമല്ല. പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ മാത്രം വച്ച് ഇത്ര വലിയ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.

കേരളം സമര്‍പ്പിച്ച ഡി.പി.ആറില്‍ സാങ്കേതിക സാധ്യതാ പഠന റിപ്പോര്‍ട്ട് ഇല്ല. പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമല്ല. സംസ്ഥാനത്തോട് ചില ചോദ്യങ്ങള്‍ കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും റെയില്‍വേ മന്ത്രി മറുപടിയില്‍ പറഞ്ഞു.