ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ടത് തോക്ക് ചൂണ്ടി, ഒടുവില്‍ പേരാമ്പ്ര പൊലീസും കുറത്തികാട് പൊലീസും ചേര്‍ന്ന് പിടികൂടിയത് രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം; കുറ്റ്യാടിയില്‍ പിടിയിലായത് സംസ്ഥാനത്തെ ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനി


കുറ്റ്യാടി: ലഹരിവില്‍പന സംഘത്തിലെ പ്രധാന കണ്ണി കുറ്റ്യാടിയില്‍ പിടിയില്‍. കാസര്‍കോട് കീക്കാന്‍ വില്ലേജില്‍ ബേക്കല്‍ ഫോര്‍ട്ട് തെക്കുപ്പുറം വീട്ടില്‍ ജാഫറിനെയാണ് (29) കുറത്തികാട് പൊലീസ് പേരാമ്പ്ര പോലീസിന്റെ കൂടെ സഹായത്തോടെ കഴിഞ്ഞദിവസം പിടികൂടിയത്. കുറ്റ്യാടിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം പിന്‍തുടര്‍ന്ന ശേഷമാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാള്‍ കേരളം മുഴുവന്‍ ലഹരിവില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു.

ഭരണിക്കാവില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍ലായ സംഭവത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫറാണ് എം.ഡി.എം.എ എത്തിച്ച് നല്‍കിയതെന്നു കണ്ടെത്തിയത്. 6 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി ഭരണിക്കാവ് വടക്ക് കുരിക്കാലത്തറയില്‍ വിവേക് (22) കഴിഞ്ഞ ഏപ്രില്‍ 8ന് പിടിയിലാവുന്നത്.

തുടര്‍ന്ന് ജാഫറിനെ കണ്ടെത്താനായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് മനസ്സിലാക്കി. കഴിഞ്ഞമാസം 24ന് ബെംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടില്‍ നിന്ന് ജാഫറിനെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തോക്കുചൂണ്ടി ഇയാള്‍ കടന്നുകളഞ്ഞു.

പിന്നീട് ഇയാള്‍ കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഇവിടെ എത്തുകയും കാറില്‍ സഞ്ചരിച്ചിരുന്ന ജാഫറിനെ പേരാമ്പ്ര പൊലീസുമായി ചേര്‍ന്ന് പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുറത്തിക്കാട് എസ്.ഐ സുനുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

summary: the main link in the drug sales gang was arrested in kuttyadi