പ്രതിഷേധ സമരത്തിനിടയിലും ക്വാറിയിൽ ലോറി കയറ്റാൻ ശ്രമം; കീഴരിയൂരിൽ വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള നാട്ടുകാർ
കൊയിലാണ്ടി: പ്രതിഷേധ സമരത്തിനിടയിലും കരിങ്കൽ കയറ്റാനായി ലോറി എത്തി, പ്രകോപിതരായി സമരക്കാർ. കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിയിലാണ് സമരം. കരിങ്കൽ കയറ്റാനായി വന്ന ലോറിയാണ് സ്ത്രീകളടക്കമുള്ള സമരക്കാർ തടഞ്ഞത്.
പ്രദേശത്തെ വീടുകൾക്കുണ്ടായ നാശ നഷ്ടങ്ങളുണ്ടാവുന്നതും കിണറുകൾ വറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നതിനിടയിലാണ് ക്വാറിഉടമയുടെ ലോറി കരിങ്കല്ല് കയറ്റാനായി വന്നത്. ഇത് സമര സമിതി പ്രവർത്തകർ പ്രകോപിപ്പിച്ചു. ലോറി തിരിച്ചു പോകണം എന്നന സമരക്കാരുടെ ആവശ്യം ലോറി ഡ്രൈവർ നിരാകരിച്ചതോടെ പ്രശ്നം സംഘർഷത്തിന്റെ വക്കോളമെത്തി.
തുടർന്ന് ലോറി തടഞ്ഞതിനാൽ ക്വാറി ഉടമകൾ കൊയിലാണ്ടി പൊലീസിനെ അറിയിക്കുകയും അവർ ഉടനെ തന്നെ സംഭവ സ്ഥലത്ത് എത്തകയും ചെയ്തു. എന്നാൽ നാട്ടുകാർ പരാതികൾ പോലീസിനെ ബോധിപ്പിക്കുകയും നടുവത്തൂർ ശിവക്ഷേത്രം – കുറുമയിൽ താഴറോഡിലൂടെ ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങൾ യാത്ര ചെയ്യാൻ പാടില്ല എന്ന ഉത്തരവിൻ്റെ കോപ്പി പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
തുടർന്ന് ഇതുമൂലം പ്രദശത്ത് നേരിട്ട ബുദ്ധിമുട്ടുകൾ സമരസമിതി പ്രവർത്തകർ കൊയിലാണ്ടി പൊലീസ് സബ് ഇൻസ്പക്ടർമാരായ പി.ഉണ്ണികൃഷ്ണൻ, പി.സതീശൻ എന്നിവരെ ബോധ്യപ്പെടുത്തി.
പ്രദേശത്തെ സർവ രാഷ്ട്രീയ കക്ഷികളുടെയും പിൻതുണയോടെ നടത്തുന്ന സമരം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്താനാണ് ആനപ്പാറ ആക് ഷൻ കമ്മിറ്റിയുടെ തീരുമാനം.