മീനുണ്ട്, ആടുണ്ട്, പശുവുണ്ട്, കുതിരയുണ്ട്.. ഇത് കൊടക്കാട്ടുമുറിയിലെ രമ്യയെന്ന വീട്ടമ്മയുടെ വിജയഗാഥ


കൊയിലാണ്ടി: മീനുണ്ട്, ആടുണ്ട്, പശുവുണ്ട്, കുതിരയുണ്ട്……. അങ്ങനെ തിരുവലത്ത് താഴെ രമ്യ കൈ വെക്കാത്ത മേഖലകൾ നന്നേ ചുരുക്കം. നാലു കൊല്ലം മുൻപ് കുടുംബശ്രീയുടെ പദ്ധതിയിൽ നിന്ന് കിട്ടിയ കോഴികുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയപ്പോൾ ഇത്രയും വലിയൊരു വളർച്ച തന്റെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.

പക്ഷെ പിന്നീടത് പതിയെ പശു വളർത്തിലേക്കും ആടുവളർത്തലിലേക്കുമൊക്കെയായി വ്യാപിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കൊടകട്ടുമുറിയിലാണ് വളർത്തുമൃഗങ്ങളുടെ മിനി സൂ ഉള്ളത്.

 

നാന്നൂറിലധികം കോഴികളെ വളർത്തുന്നുണ്ട്. ആടുകളെ വിൽക്കുന്നുമുണ്ട്. ഇതിനിടയിൽ നഗരസഭയുടെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി ബയോ ഫ്ലോക് മത്സ്യ കൃഷി ആരംഭിച്ചിരുന്നു. അത് വൻ വിജയമായി. അതോടൊപ്പം തൊട്ടടുത്ത നെല്ല്യാടി പുഴയിൽ വല കെട്ടി മത്സ്യം വളർത്തലും ആരംഭിച്ചു. കരീമീനുകളെയായിരുന്നു അതിൽ വളർത്തിയത്. മീൻകൃഷിയുടെ അടുത്തഘട്ടത്തിലേക്കുള്ള ചുവടുവെപ്പിലാണ് വാർഡ് കുടുംബശ്രീ എ.ഡി.എസ് അംഗമായ രമ്യ.

 

ആട്ടിൻ കുഞ്ഞുങ്ങളെയും വാങ്ങി വളർത്തി കുഞ്ഞുങ്ങളുണ്ടാകുന്നതിനനുസരിച്ച് വിൽക്കും. അതിൽ നിന്നും വരുമാനം ലഭിക്കും.

ഇതിനിടയിലാണ് ഗ്രാമത്തിനു മുഴുവൻ കൗതുകമുണർത്തി ഒരു കുതിര ഇവർ വീട്ടിൽ കൊണ്ടുവരുന്നത്. തന്നോടൊപ്പം സഹായത്തിനെപ്പോഴുമുണ്ടാകുന്ന മകൻ നിരഞ്ജന്റെ ആഗ്രഹപ്രകാരം ഒരു കുതിരയെ വാങ്ങി കൊണ്ടുവരികയായിരുന്നു ഈ അമ്മ. പതിയെ കുതിര ആ വീടിന്റെയും ആ നാടിന്റെയും ഏറെ പ്രിയപ്പെട്ടവനായി മാറി. നിരവധി കുട്ടികൾ ദിനവും കുതിരയെ കാണാനും സവാരിക്കുമായി എത്താറുണ്ടെന്ന് രമ്യ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

 

‘തൊഴിലെന്നതിനപ്പുറം ഈ മൃഗങ്ങളോടൊപ്പമുള്ള സമയം താൻ ഏറെ ഇഷ്ട്ടപെടുന്നു. ഒരേ സമയത്ത് ഈ കാര്യങ്ങളെല്ലാം ചെയ്യാൻ തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഭർത്താവ് നിഷാദും മക്കളായ നിരഞ്ജനും കാർത്തിക്കും ഈ കാര്യങ്ങളിൽ തന്നെ സഹായിക്കാറുണ്ട്. കുതിരയുടെ പൂർണ്ണ ഉത്തരവാദിത്വം കുട്ടികൾക്ക് തന്നെയാണ്.

സീസണുകൾക്കനുസരിച്ച് പച്ചക്കറി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്ഥലപരിമിതി ഒരു പ്രശ്നമാണ്. എങ്കിലും വീടിനോടു ചേർന്ന് നല്ലൊരു വാഴത്തോട്ടവും ഒരുക്കിയിട്ടുണ്ട് രമ്യ. ഇതോടൊപ്പം നെൽക്കൃഷിയുമുണ്ട്.

വീട്ടിൽ തന്നെ സമ്പാദ്യത്തിനായി എന്തൊക്കെ ചെയ്യാനാവുമെന്ന് കാണിച്ചു കൊണ്ട് സ്ത്രീകൾക്കെല്ലാം പ്രചോദനമായി രമ്യയുടെ വിജയയാത്ര തുടരുകയാണ്. ഇനിയും വിതയ്ക്കാനും വളർത്തുവാനും കൊയ്യാനും ഏറെയുണ്ടെന്നു തെളിയിച്ചുകൊണ്ട്……