പേരാമ്പ്രയില്‍ നിന്ന് കൊയിലാണ്ടിലേക്കുള്ള യാത്ര സുഗമമാകും; പേരാമ്പ്ര ചേനോളി-തറമ്മലങ്ങാടി റോഡിന്റെ നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു


അരിക്കുളം: പേരാമ്പ്ര ചേനോളി-തറമ്മലങ്ങാടി റോഡിന്റെ നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. നിലവിവുള്ള പാത വീതികൂട്ടിയാണ് റോഡ് നവീകരിക്കുന്നത്. പേരാമ്പ്രയില്‍നിന്നും ചേനോളി-ഏക്കാട്ടൂര്‍ വഴി- തറമ്മലങ്ങാടിയിലേക്ക് എത്തുന്ന റോഡിണ്. അരിക്കുളം, നൊച്ചാട്, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നവീകരണ പൂര്‍ത്തിയായാല്‍ കൊയിലാണ്ടിയില്‍ നിന്ന് സുഗമമായി പേരാമ്പ്രയില്‍ എത്തിച്ചേരാന്‍ കഴിയും.

നിലവിലുള്ള ടാറിട്ട പാത പത്തുകോടിരൂപ ചെലവിലാണ് വീതികൂട്ടി പുനര്‍നിര്‍മിക്കുക. പേരാമ്പ്ര ചേനോളി റോഡില്‍നിന്ന് തുടങ്ങി 8.560 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. എട്ടുമീറ്റര്‍വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 5.5. മീറ്റര്‍ വീതിയില്‍ ടാറിങ്ങുണ്ടാകും. റോഡില്‍ 2.400 കിലോമീറ്റര്‍ ദൂരത്തില്‍ അഴുക്കുചാല്‍ നിര്‍മാണവും പ്രവൃത്തിയുടെ ഭാഗമായി നടക്കുന്നുണ്ട്. 14 കലുങ്കുകളും നിര്‍മിച്ചു. ചിലയിടങ്ങളില്‍ റോഡ് ഉയര്‍ത്തിയിട്ടുമുണ്ട്. ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ നടത്തുന്ന ടാറിങ്ങിന് മുമ്പുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മലബാര്‍ പ്ലസ് കണ്‍സ്ട്രക്ഷനാണ് പ്രവൃത്തി കരാറെടുത്തത്. ഒമ്പതുമാസംകൊണ്ട് (മേയ് മാസത്തിനകം) പൂര്‍ത്തീകരിക്കാനാണ് കരാര്‍.

റോഡ് വികസനത്തിന് സ്ഥലമുടമകള്‍ സ്വമേധയാ വിട്ടുനല്‍കുന്ന ഭൂമിയാണ് ഉപയോഗിക്കുന്നത്. സ്ഥലമെടുപ്പിന് ഫണ്ടില്ലാത്തതിനാല്‍ ചുരുക്കം ചിലയിടങ്ങളില്‍ ഭൂമി ലഭിക്കാത്ത പ്രശ്‌നമുണ്ടായി. എങ്കിലും ഭൂരിഭാഗം സ്ഥലത്തും വീതി ഉറപ്പാക്കാനായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പേരാമ്പ്ര ചേനോളി റോഡില്‍ പാത തുടങ്ങുന്നഭാഗത്ത് 1300 മീറ്റര്‍ദൂരം ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തി ഇപ്പോള്‍ നടക്കുകയാണ്. പൈപ്പിടാനിയി പൊളിക്കുന്ന റോഡ് പുനര്‍നിര്‍മിക്കാനുള്ള തുക ജലജീവന്‍ അധികൃതര്‍ ഇതിനകം പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ഈ സ്ഥലത്ത് പൈപ്പിടല്‍ കഴിഞ്ഞ ശേഷമേ റോഡ് പ്രവൃത്തി നടക്കുകയുള്ളൂ.

പേരാമ്പ്രയില്‍ റോഡ് സംസ്ഥാനപാതയുമായി ചേരുന്നിടമായ ചേനോളി റോഡ് കവല വികസനത്തിന് എത്രസ്ഥലം ലഭ്യമാകും എന്നും പരിശോധിക്കുന്നുണ്ട്. പൊതുസ്ഥലം എവിടെവരെയുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്താന്‍ വകുപ്പുതല സര്‍വേ നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവിടെ ഒരു വൈദ്യുതപോസ്റ്റ് മാറ്റി സ്ഥാപിക്കന്‍ കെ.എസ്.ഇ.ബി.ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.