പെട്രോള്‍സംഭരണിയില്‍ ഡീസല്‍ നിറച്ച് വില്‍പ്പന, നിരവധി വാഹനങ്ങള്‍ തകരാറിലായി; പള്ളിയത്ത് പെട്രോള്‍ പമ്പില്‍ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു


വേളം: പെട്രോള്‍വാഹനങ്ങളില്‍ ഡീസലും പെട്രോളും ചേര്‍ന്നുള്ള സമ്മിശ്ര ഇന്ധനം നിറച്ചതിനെത്തുടര്‍ന്ന് പള്ളിയത്ത് നൂറുകണക്കിന് വാഹനങ്ങള്‍ തകരാറിലായതായി പരാതി. സംഭവത്തില്‍ പള്ളിയത്ത് ഭാരത് പെട്രോളിയം പമ്പില്‍ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു.

പള്ളിയത്ത് ടൗണിനോടുചേര്‍ന്നുള്ള ഭാരത് പെട്രോളിയം പമ്പിലാണ് ഗുരുതരവീഴ്ച സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ച പമ്പിലേക്ക് ഡീസലുമായെത്തിയ ടാങ്കര്‍ലോറിയില്‍നിന്ന് ഇന്ധനം പെട്രോള്‍ സംഭരണിയിലേക്ക് മാറിനിറച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

ഞായറാഴ്ച്ച മുതല്‍ തിങ്കളാഴ്ച ഉച്ചവരെ പമ്പില്‍നിന്ന് പെട്രോള്‍ അടിച്ച ബൈക്കുമുതല്‍ കാറുവരെ നൂറുകണക്കിന് വാഹനങ്ങള്‍ തകരാറിലായതായാണ് വിവരം. പമ്പില്‍നിന്ന് ഇന്ധനം നിറച്ചതിനുശേഷം പാതിവഴിയില്‍ വാഹനങ്ങള്‍ നിന്നുപോവുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇന്ധനം മാറിയവിവരം ശ്രദ്ധയില്‍പ്പെടുന്നത്.

സംഭവത്തെത്തുടര്‍ന്ന് രാത്രിവൈകിയും പമ്പില്‍ ഉടമകളും വാഹനയാത്രികരും തമ്മില്‍ വലിയവാക്കേറ്റം നടന്നു. സംഭവത്തില്‍ വീഴ്ചസംഭവിച്ചതായി പമ്പുടമകള്‍ സമ്മതിച്ചിട്ടുണ്ട്. പരിഹാരനടപടിയെന്നോണം കേടുപാടുപറ്റിയ വാഹനങ്ങള്‍ നന്നാക്കാനുള്ള സൗകര്യം പമ്പില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, വീഴ്ചപറ്റിയെന്ന് ബോധ്യപ്പെട്ടതിനുശേഷവും ഇന്ധനവില്‍പ്പന തുടര്‍ന്നതായും അതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചെറുവണ്ണൂര്‍ വേളം പ്രദേശങ്ങളിലെ നിരവധിപേര്‍ ആശ്രയിക്കുന്ന ഒരു പമ്പാണ് ഇത്. ഇവിടെ മുന്‍പും ഇങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.