പുറമേരി ഭാ​ഗത്തേക്ക് ഉടൻ വെള്ളമെത്തും, ആയഞ്ചേരിയിൽ വില്ലനായത് വാൽവുകൾ തകർക്കപ്പെട്ടത്; കുറ്റ്യാടി മണ്ഡലത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതം


കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. യോ​ഗത്തിൽ കുടിവെള്ള വിതരണം, കുറ്റ്യാടി ഇറിഗേഷൻ ജലവിതരണം, കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ ജലവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്ന് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ യോഗത്തിൽ അറിയിച്ചു. വേളം ഗ്രാമപഞ്ചായത്തിൽ ചേരാപുരം ഭാഗത്ത് നെൽകൃഷി -കൊയ്ത്ത് നടക്കുന്നതിനാൽ വെള്ളം തുറന്നുവിടാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിൽ വെള്ളം എത്താത്ത കനാലുകളിൽ മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് 30ന് തന്നെ വെള്ളം തുറന്നു വിടാനും, മണിയൂരിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് പ്രദേശം സന്ദർശിക്കാനും യോഗത്തിൽ ധാരണയായി.

വള്ളിയാട്, കടമേരി ഭാഗങ്ങളിൽ മാർച്ച് 26 മുതൽ ജല വിതരണം ആരംഭിച്ചിട്ടുണ്ടെന്നും, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചില സ്ഥലങ്ങളിൽ വാൽവുകൾ തകർക്കപ്പെട്ടത് ജലവിതരണത്തെ ബാധിച്ചതായി യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. കനാലിൽ മാലിന്യങ്ങൾ ഉള്ള സ്ഥലത്ത് അവ അടിയന്തരമായി നീക്കം ചെയ്യുന്നതിനും യോഗത്തിൽ ധാരണയായി.

മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ പാടശേഖരം എം.എൽ.എ സന്ദർശിച്ചു. കുറ്റ്യാടി ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൃഷിക്കാരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച പദ്ധതിയുടെ ടെൻഡർ ഉടൻ പബ്ലിഷ് ചെയ്യുമെന്നും യോഗത്തിൽ തീരുമാനിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി പ്രസിഡണ്ടുമാർ അറിയിച്ചു.

യോഗത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ ,വടകര തഹസിൽദാർ, കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ എന്നിവർ പങ്കെടുത്തു.

summary: review meeting of water supply in Kutyadi irigation project k p kujammedkutty mla