പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മരുതോങ്കര അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു


കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു. കൊളക്കാട്ടില്‍ അന്ത്രുവിന്റെ വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലെ ഡൈനിംഗ് ഹാളിലെ ഫ്രിഡ്ജ് കത്തി തീ ആളിപ്പടരുകയായിരുന്നു. കടുത്ത പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

തീപിടത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. സംഭവ സമയത്ത് ഹാജറയും സഹോദരി റാബിയയുമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, വാര്‍ഡ് അംഗം ടി.പി. ആലി, വില്ലേജ് അധികൃതര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.