പാനൂരിൽ കോൺഗ്രസ്‌ നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ


പാനൂർ : കോൺഗ്രസ്‌ പാനൂർ ബ്ലോക്ക് പ്രസിഡന്റ്‌ കെ പി ഹാഷിമിനെ ആക്രമിച്ച കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. അതുൽ കെ. എം, അനിൽകുമാർ പി. കെ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വീടിനു സമീപത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന ഹാഷിമിനെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ആക്രമിച്ചത്.കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ചൊവ്വാഴ്ച പുലർച്ചെ വലിയാണ്ടിപീടികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കാളാംവീട്ടിൽ രാജീവന്റെ വീടിനുനേരേയാണ് അക്രമമുണ്ടായത്.ഇതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പൂമരച്ചോട്ടിൽ പ്രതിഷേധപ്രകടനം നടത്തി.

അക്രമമുണ്ടായ പ്രദേശങ്ങൾ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു. അക്രമത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിഷേധിച്ചു.