നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു; പിന്നാലെ ആത്മഹത്യ ചെയ്ത് കൂത്തുപറമ്പ് സ്വദേശി


കണ്ണൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുരളീധരനെതിരെ നടപടിയെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്.

സ്വഭാവ ദൂഷ്യത്തിന് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു. ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയെയും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ കൂത്തുപറമ്പ് പോലീസിലും മുരളീധരനെതിരെ പരാതി ഉണ്ട്.