നാട്ടില്‍ നിറഞ്ഞു നിന്ന പൊതുപ്രവര്‍ത്തകന്‍, കലാകാരന്‍; പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് കുരുന്നുകള്‍; ഒള്ളൂരില്‍ തെങ്ങില്‍ നിന്ന് വീണു മരിച്ച കള്ളുചെത്ത് തൊഴിലാളി രാജുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്
ഉള്ളിയേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണു മരിച്ച ഒള്ളൂർ പുതിയേടത്ത് മീത്തല്‍ രാജുവിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. ജന്മനാടാകെ കണ്ണുനീരോടെയാണ് രാജുവിനെ യാത്രയാക്കിയത്. ഇന്നലെ രാവിലെയാണ് വീടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ളു ചെത്തുന്നതിനിടെ മുപ്പത്തെട്ടുകാരനായ രാജു വീണത്.
സജീവ പൊതുപ്രവര്‍ത്തകനായ രാജുവിനെ നാട്ടില്‍ ഓരോരുത്തര്‍ക്കും സുപരിചിതമാണ്. സി.പി.എം ഒള്ളൂര്‍ സ്റ്റോപ്പ് ബ്രാഞ്ച് അംഗവമായ രാജു സി.ഐ.ടി.യു അംഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും രാജു എല്ലായ്‌പ്പോഴും മുന്നിലുണ്ടായിരുന്നു.
കലാ സാംസ്‌കാരിക രംഗത്തും തിളങ്ങി നിന്ന വ്യക്തിയാണ് രാജു. കന്നൂരിലെ വിന്നേഴ്‌സ് കലാസമിതിയുടെ അമരക്കാരനായിരുന്ന രാജു നല്ലൊരു നാടകനടന്‍ കൂടിയായിരുന്നു.
ബാലസംഘത്തിലും രാജു സജീവമായിരുന്നു. അതിനാല്‍ തന്നെ നാട്ടിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനാണ്. രാജുവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ സ്ത്രീകളും കുരുന്നുകളും പൊട്ടിക്കരയുകയായിരുന്നു. കണ്ടുനിന്ന ഏവരുടെയും കണ്ണു നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഒള്ളൂര്‍ സ്‌റ്റോപ്പ്, ഒള്ളൂര്‍ നോര്‍ത്ത്, കന്നൂര്‍, വിന്നേഴ്‌സ് കലാസമിതി എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് രാജുവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാനായി ഓരോ സ്ഥലങ്ങളിലുമെത്തിയത്.
സംസ്‌കാരത്തിന് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു. വാര്‍ഡ് അംഗം മിനി അധ്യക്ഷയായി. സി.പി.എം ഉള്ളിയേരി ഏരിയ കമ്മിറ്റി അംഗം പി.നാസര്‍, ലോക്കല്‍ സെക്രട്ടറി ഇ.എം.ദാമോദരന്‍, കോണ്‍ഗ്രസ് നേതാവ് സുദന്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.