തെരുവുനായ കുറുകെ ചാടി; ബൈക്ക് യാത്രികന് ദാരുണാന്ത്യം


കോഴിക്കോട്: ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്ന് അപകടത്തിൽ പെട്ട് യാത്രികൻ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അബ്ദുള്ളക്കോയ ആണ് മരിച്ചത്. അന്പത്തിയൊൻപത് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 5.15 ന് പന്നൂർ അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.

കൂടെ ബൈക്കിലുണ്ടായിരുന്ന കാന്തപുരം സ്വദേശി ജലീൽ സഖാഫി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരേയും നാട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ ഉച്ചയോടെയാണ് അബ്ദുള്ളകോയ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

മർകസ് റൈഹാൻ വാലിയിൽ ദീർഘകാലമായി ജോലിചെയ്തു വരുകയായിരുന്നു അബ്ദുള്ളകോയ. ഖദിജയാണ് ഭാര്യ. മകൻ:മുഹമ്മദ് സാബിത്ത്.