തീപിടിച്ചതായി തെറ്റിദ്ധരിപ്പിച്ച് സ്കൂട്ടര്‍ നിര്‍ത്തിച്ചു; യുവതിയെ അടിച്ച് വീഴ്ത്തിയും കണ്ണില്‍ മുളകുപൊടി വിതറിയും ശാസ്താംകോട്ടയില്‍ മാലമോഷണം



ശാസ്താംകോട്ട:  യുവതിയെ അടിച്ച് വീഴ്ത്തി കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സ്‌കൂട്ടര്‍ യാത്രികയായ മൈനാഗപ്പള്ളി കടപ്പ സ്വദേശിനിയെ അടിച്ചുതാഴെയിട്ട് മൂന്നുപവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത ചവറ മുകുന്ദപുരം കരിങ്ങാട്ടില്‍ വടക്കതില്‍ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടില്‍ സുഹൈല്‍ (45) എന്നിവരാണ് പിടിയിലായത്.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുമുന്നില്‍ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതുവഴി സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ മോഷ്ടാക്കള്‍ സ്‌കൂട്ടറിനു പിന്നില്‍നിന്ന് തീ ഉയരുന്നുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികിലേക്ക് മാറ്റി സ്‌കൂട്ടര്‍ നിര്‍ത്തിയ യുവതിയ്ക്കരികില്‍ പ്രതികള്‍ സഹായ വാഗ്ദാനവുമായി എത്തി.

സ്‌കൂട്ടറില്‍നിന്ന് ഇറങ്ങുന്നതിനിടെ യുവതിയെ അടിച്ചുവീഴ്ത്തി കൈയില്‍ കരുതിയിരുന്ന മുളകുപൊടി കണ്ണില്‍ വിതറി. തിടുക്കത്തില്‍ മാലപൊട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ചുഭാഗം യുവതിയുടെ കൈയില്‍ കിട്ടി. ശേഷിച്ച മാലയുമായി മോഷ്ടാക്കള്‍ പോകാനുള്ള ശ്രമത്തിനിടെ യുവതി ഉച്ചത്തില്‍ നിലവിളിച്ചു. ഇതുകേട്ട സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ മോഷ്ടാക്കളുടെ പിന്നാലെ പാഞ്ഞ് പിടികൂടുകയായിരുന്നു.

ശാസ്താംകോട്ട പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഷാജിയും സുഹൈലും ഇത്തരത്തില്‍ മുന്‍പും കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.