തലശ്ശേരി-കുടക് ചുരത്തില്‍ പെട്ടിക്കുള്ളില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്


കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിരുന്നു. സ്ത്രീയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്.  രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ഓട്ടക്കൊല്ലിയില്‍ റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു പെട്ടി. ഇതിൽ അഴുകിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.

പൊലീസെത്തി മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിരാജ് പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ നിന്നും ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണ് മാക്കൂട്ടം ചുരം പാത.  മൈസൂര്‍ ബംഗളൂരൂ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ വഴി കേരളത്തിൽ നിന്നും ആളുകൾ യാത്ര ചെയ്യാറുണ്ട്. സംഭവത്തിൽ  കേരള പൊലീസും ജാഗ്രതയിലാണ്.