തട്ടിപ്പ് നടത്തിയത് റിജില്‍ ഒറ്റയ്ക്ക്, കോഴിക്കോട് ബാങ്കില്‍ നടത്തിയത് 21.29 കോടി രൂപയുടെ തിരിമറി
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത് 21.29 കോടി രൂപയുടെ തിരിമറിയെന്ന് ക്രൈംബ്രാഞ്ച്. 12.60 കോടി രൂപയാണ് കോഴിക്കോട് കോര്പറേഷന് നഷ്ടമായത്. ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്പറേഷന് തിരികെ നല്‍കിയതായും ക്രൈംബ്രാഞ്ച് എസിപി ടി.എ. ആന്റണി അറിയിച്ചു. റിജില്‍ ഒറ്റക്കാണ് തിരിമറി നടത്തിയതെന്നും 17 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇയാളുടെ അക്കൗണ്ടില്‍ ആയിരം രൂപ പോലും ഇപ്പോഴില്ല. ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണ് റിജില്‍ ഈ പണം ഉപയോഗിച്ചതെന്നും എസിപി അറിയിച്ചു. കോര്പറേഷന് നഷ്ടപ്പെട്ട തുകയില്‍ ആശയകുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന നടത്തി. റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും സംഘം പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്കടക്കം അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
നവംബര്‍ 29 മുതല്‍ ഇയാള്‍ ഒളിവില്‍ കഴിയുന്ന റിജില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം എട്ടിന് ജില്ലാ കോടതി വിധി പറയും. അതേസമയം ഒരാള്‍ക്ക് ഒറ്റയ്ക്ക് നടത്താന്‍ പറ്റുന്ന തട്ടിപ്പല്ല ഇതെന്നും റിജില്‍ സ്ഥലംമാറ്റം നേടിയ ശേഷമാണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്റെ അഭിഭാഷകന് വാദിച്ചു. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.