ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അിയിപ്പുകൾ വായിക്കാം
പരാതി പരിഹാര അദാലത്ത് നടത്തും 
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ ഫെബ്രുവരി 14 ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മെമ്പർമാരായ എസ് അജയകുമാർ, അഡ്വ.സൗമ്യ മേനോൻ എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്ര വർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുളളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് പരാതികൾ തീർപ്പാക്കുന്നതാണ്. പരാതി പരിഹാര അദാലത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
പി.എം കിസാൻ ആനുകൂല്യം:  നടപടികൾ പൂർത്തീകരിക്കണം
 പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) പതിമൂന്നാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ ഫെബ്രുവരി 10 നു മുൻപായി പൂർത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്, ബാങ്ക് അക്കൗണ്ട് തുടങ്ങി പി എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കണം.
ബോധവൽക്കരണ ക്യാമ്പും സമ്പർക്കപരിപാടിയും നടത്തുന്നു 
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ഫെബ്രുവരി 27 ന് രാവിലെ 9 മണിക്ക് നിധി ആപ്കെ നികട് അഥവാ പി.എഫ് നിങ്ങൾക്കരികിൽ എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്കപരിപാടിയും നടത്തുന്നു. വടകര മുൻസിപ്പൽ സംസ്കാരിക നിലയം, ഓൾഡ് ബസ് സ്റ്റാൻഡ് വടകര എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. പി എഫ് അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ, എന്നിവരിൽ നിന്നും പങ്കെടുക്കാൻ താല്പര്യമുളളവർ https:/lepfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് സന്ദർശിക്കുകയോ  [email protected]  എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുകയോ വേണം. സീറ്റുകൾ പരിമിതമാണ്. രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും  പ്രവേശനമെന്ന് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. 0465 -2367568
അപേക്ഷ ക്ഷണിച്ചു 
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ  ലഭ്യമാണ്. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം  ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33. കൂടുതൽ വിവരങ്ങൾക്ക്: 9846033001.
ദർഘാസ് ക്ഷണിച്ചു
കൊയിലാണ്ടി താലൂക്ക്  ആശുപത്രിയിൽ  2023-24 കാലയളവിൽ രോഗികൾക്ക് റൊട്ടി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 28  ഉച്ചക്ക് ഒരു മണിവരെ. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്ക് ടെണ്ടർ തുറക്കും. ഫോറം വില1000+18% (ജിഎസ്ടി). ടെണ്ടർ ഫോറം നൽകുന്ന അവസാന തിയ്യതി ഫെബ്രുവരി 27 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0496 -262041
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നാളെ (ഫെബ്രുവരി 10)
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം’സ്‌മൃതി’ സംഘടിപ്പിക്കുന്നു.
നാളെ വൈകിട്ട് 3 മണിക്ക് കോഴിക്കോട്, മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം അങ്കണത്തിൽ നടക്കുന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ ഗാനാഞ്ജലി അർപ്പിക്കും. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കെ.രമേശ് ബാബു പങ്കെടുക്കും.
ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റേയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ഹൈസ്കൂളുകള്‍ക്ക് കൈറ്റിന്റെ 3745 പുതിയ ലാപ്‍ടോപ്പുകള്‍
ജില്ലയിലെ ഹൈസ്കൂളുകള്‍ക്ക് പുതുതായി 3745 ലാപ്‍ടോപ്പുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും. ഇതില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയില്‍ വിന്യസിച്ച 12338 ലാപ്‍ടോപ്പുകള്‍ക്ക് പുറമെയാണ് ഹൈടെക് ലാബുകളിലേക്ക് അഞ്ചുവര്‍ഷ വാറണ്ടിയോടെയുള്ള 1100 ലാപ്‍ടോപ്പുകള്‍ പുതുതായി ലഭ്യമാക്കുന്നത്. ഇതോടൊപ്പം വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയതുമായ 2645 ലാപ്‍ടോപ്പുകളും സ്കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കുമെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
അഞ്ചു വര്‍ഷ വാറണ്ടി തീരുന്ന ലാപ്‍ടോപ്പുകള്‍ക്കും പ്രൊജക്ടറുകള്‍ക്കും രണ്ട് വര്‍ഷത്തെ എ.എം.സി പരിരക്ഷയും കൈറ്റ് ഉറപ്പാക്കും. ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്കൂളുകള്‍ വെബ് പോര്‍ട്ടലില്‍ നല്‍കണം. മുഴുവന്‍ ഉപകരണങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകള്‍, മോഷണം തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ ഐടി ഉപകരണങ്ങള്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പൊതുവായി പ്രയോജനപ്പെടുത്തണം.
സ്കൂളുകളിലേക്ക് സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അല്ലാത്തതും ലൈസന്‍സ് നിബന്ധനകളുള്ളതും സ്കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. സ്കൂളുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുളള സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ സ്വകാര്യ
സെര്‍വറുകളില്‍ സൂക്ഷിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ നടത്താന്‍ പാടില്ല എന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
നോർക്ക- യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേളയ്ക്ക് തുടക്കമായി
നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോൺ മേളയ്ക്ക് തുടക്കമായി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് മേള സംഘടിപ്പിക്കുന്നത്. ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം എസ് എം ഇ ഫസറ്റ് ബ്രാഞ്ചിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി നിർവഹിച്ചു.
വിദേശത്ത് നിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് അവരുടെ സംരംഭകത്വ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതിയാണ് നോർക്കയുടെ എൻ.ഡി.പി ആർ.ഇ.എം പദ്ധതിയെന്നും ഇതിലൂടെ പ്രവാസികളുടെ ഫലപ്രദമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രവാസികളുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾക്ക് സുപ്രധാന പങ്കുണ്ടെന്നും നോർക്കയുമായി സഹകരിച്ച്  മുന്നോട്ട് പോകാൻ സന്തോഷമുണ്ടെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ്   റോസലിൻ റോഡ്രിഗസ് പറഞ്ഞു. ലോൺ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജർ ആദർശ് വി.കെ യും എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയെക്കുറിച്ച് നോർക്ക സെന്റർ മാനേജർ അബ്ദുൾ നാസറും വിശദീകരിച്ചു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ ബിജിഷ പി.കെ സ്വാഗതവും, ഡെപ്യൂട്ടി ബ്രഞ്ച് മാനേജർ ജിതിൻ ആർ.ബി നന്ദിയും പറഞ്ഞു.
കോഴിക്കോട്  യൂണിയൻ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച്, കണ്ണൂർ മെയിൻ ബ്രാഞ്ച്, കാസർഗോഡ് ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള ബ്രാഞ്ച്, കൽപ്പറ്റ ബ്രാഞ്ച് എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. ബ്രാഞ്ചുകളിൽ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.
രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്നവർക്ക് ലോണിന് അപേക്ഷിക്കാം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എൻ ഡി പി ആർ ഇ എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ് ഓഫീസ്  0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.