ചേമഞ്ചേരിയിലെ ആറാം ക്ലാസുകാരി സ്വാതിയുടെ വീടെന്ന സ്വപ്‌നം പാതിവഴിയിലാണ്; പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ സഹായിക്കില്ലേ?


കൊയിലാണ്ടി: കൊയിലാണ്ടിയിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ഒരുമിച്ചപ്പോള്‍ ചേമഞ്ചേരി സ്വദേശി സ്വാതിയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. കെ.കെ കിടാവ് മെമ്മോറിയല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്് കെ.കെ സ്വാതി. ചെറുപ്രായത്തില്‍ തന്നെ കണ്ണിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സ്വാതിയുടെ കുടുംബത്തിന്റെയും വലിയൊരു സ്വപ്‌നമായിരുന്നു ഒരു വീട് എന്നത്.

ഉപജില്ലയില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീട് ഒരുക്കുന്ന ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വാതിയ്ക്കുവേണ്ടി വീട് നിര്‍മ്മിച്ചത്. ഇതിനുവേണ്ടി ലഭിച്ച ആറ് അപേക്ഷകളില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ട കുടുംബത്തെ തെരഞ്ഞെടുക്കുകയായിരുന്നു. കൊയിലാണ്ടി ഉപജില്ലയ്ക്ക് കീഴിലുള്ള 75 സ്‌കൂളുകളില്‍ നിന്നുള്ള മുഴുവന്‍ അധ്യാപകരുടെ പങ്കാളിത്വത്തോടെയാണ് നിര്‍മ്മാണം.

ജനുവരി ഒന്നിനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ഞായറാഴ്ച വീടിന്റെ പ്രധാന കോണ്‍ഗ്രീറ്റും പൂര്‍ത്തിയാക്കി. മറ്റുപണികളും ഉടന്‍ തീര്‍ത്ത് മാര്‍ച്ച് 31ന് മുമ്പ് വീട് പണി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനുവേണ്ടി ഉപജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍ പി.പി സുധ ചെയര്‍പേഴ്‌സണായും സ്‌കൗട്ട്‌സ് ലോക്കല്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചെയര്‍പേഴ്‌സണായും ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍ കണ്‍വീനറായുമുള്ള പ്രാദേശിക സംഘാടക സമിതിയാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.

സ്വാതിയുടെയും കുടുംബത്തിന്റെ ആഗ്രഹം പൂര്‍ത്തിയാവാന്‍ ഇനിയും ഒരുപാട് പേരുടെ സഹായം ആവശ്യമുണ്ട്. അതിനായി സുമനസുകളുടെ സഹായം തേടിയിരിക്കുകയാണ് സംഘാടക സമിതി. ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പൂക്കാട് ശാഖയില്‍ സ്‌നേഹഭവനത്തിനായി എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

സംഭാവനകള്‍ അയക്കേണ്ട എക്കൗണ്ട് നമ്പര്‍
Account No.CMN10001001010581
IFSC .ICIC0000103
ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്
ഗൂഗിള്‍ പേ നമ്പര്‍
9946665125
വി.കെ സാബിറ (ട്രഷറര്‍).