ചെമ്പരത്തി, തേങ്ങാ പാല്‍, കഞ്ഞിവെള്ളം; വെറും മൂന്ന് ചേരുവകള്‍ മാത്രം മതി തിളക്കവും ബലവുമുള്ള മുടിയ്ക്ക്, വീട്ടില്‍ തന്നെ തയ്യാറാക്കാം നല്ല അടിപൊളി ഹെയര്‍ പായ്ക്ക്


മുടി സംരക്ഷണമെന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ കൃത്യമായി മുടിയ്ക്ക് ഒരു സംരക്ഷണം നല്‍കേണ്ടത് വളരെ പ്രധാനമാണ്. മുടിയ്ക്ക് നല്ല ബലവും തിളക്കവും ആരോഗ്യവും നല്‍കാന്‍ വീട്ടില്‍ തന്നെ ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ഒരു ചെമ്പരത്തി പായ്ക്ക് തയാറാക്കുന്നത് നോക്കാം.

ചെമ്പരത്തി

എല്ലാ വീടുകളിലെ പറമ്പിലും വളരെ സുലഭമായി ലഭിക്കുന്നതാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവും ഇലകളുമൊക്കെ മുടിയുടെ സംരക്ഷണത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. മുടിയ്ക്ക് നല്ല ബലവും ആരോഗ്യവും അതുപോലെ കറുപ്പ് നിറം ലഭിക്കാനും ചെമ്പരത്തി ഏറെ സഹായിക്കും.

തേങ്ങാ പാല്‍

മുടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മികച്ചൊരു പദാര്‍ത്ഥമാണ് തേങ്ങാ പാല്‍. പായ്ക്കുകളില്‍ തേങ്ങാ പാല്‍ ചേര്‍ക്കുന്നത് ഇരട്ടി ഗുണം നല്‍കും. പ്രകൃതിദത്തമായ രീതിയായത് കൊണ്ട് തന്നെ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇതിന് ഉണ്ടാകില്ല. ശിരോചര്‍മ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന നിയാസിന്‍, ഫോളേറ്റ് തുടങ്ങിയ പല വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടിയ്ക്ക് ബലം മാത്രമല്ല നല്ല തിളക്കവും നല്‍കാന്‍ ഇത് ഏറെ സഹായിക്കും.

കഞ്ഞിവെള്ളം

മുടി സംരക്ഷണ പായ്ക്കുകളിലെ പ്രധാനിയാണ് കഞ്ഞിവെള്ളം. വീട്ടില്‍ ചോറ് വാര്‍ത്ത ശേഷം കിട്ടുന്ന കഞ്ഞിവെള്ളം ഒരു കാരണവശാലും കളയാന്‍ പാടില്ല. മുടി വളരാനും താരന്‍ മാറ്റാനുമൊക്കെ ഏറെ സഹായിക്കുന്നതാണ് ഈ കഞ്ഞിവെള്ളം. മുടിയ്ക്ക് നല്ല തിളക്കവും ബലവും നല്‍കാന്‍ ഏറെ സഹായിക്കുന്ന അമിനോ ആസിഡുകള്‍ കഞ്ഞിവെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റസും തലമുടി വളരാന്‍ സഹായിക്കും. ഷാംപൂ ചെയ്ത ശേഷം വെറുതെ മുടിയില്‍ കഞ്ഞിവെള്ളം ഒഴിക്കുന്നത് ഏറെ നല്ലതാണ്.

പായ്ക്ക് തയാറാക്കുന്ന വിധം

തലേ ദിവസം എടുത്ത് വച്ച കഞ്ഞിവെള്ളത്തില്‍ ചെമ്പരത്തി പൂ ഇട്ട ശേഷം നന്നായി കൈ കൊണ്ട് യോജിപ്പിച്ച് എടുക്കണം. അതിന് ശേഷം ഇത് ഒരു തുണി ഉപയോഗിച്ച് അരിച്ച് എടുക്കാം. ഇതിലേക്ക് അല്‍പ്പം തേങ്ങാ പാല്‍ ഒഴിക്കാം. 4 ടേബിള്‍ സ്പൂണ്‍ അളവില്‍ തേങ്ങാ പാല്‍ ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇത് യോജിപ്പിച്ച് ശേഷം നന്നായി മുടിയില്‍ തേച്ച് പിടിപ്പിക്കാം. വരണ്ട മുടി അല്ലാത്തവരാണെങ്കില്‍ പാക്ക് ഇടുന്നതിന് മുന്‍പ് എണ്ണ ഇടേണ്ട ആവശ്യമില്ല. തലയോട്ടിയിലും മുടിയിലും നന്നായി പായ്ക്ക് തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയാം. വെറും വെള്ളത്തില്‍ തന്നെ ഇത് കഴുകാവുന്നതാണ്.