കോഴിക്കോട് പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞു; മദ്യപിച്ച് ബൈക്കോടിച്ചതിന് കേസ്


കോഴിക്കോട്: പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പാറോപ്പടിക്ക് സമീപത്തായിരുന്നു അപകടം.

വയനാട് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ ദിവാകരനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് ബൈക്കോടിച്ചതിന് ചേവായൂര്‍ പൊലീസ് കേസെടുത്തു.

ദിവാകരന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിനാണ് പരിക്കേറ്റത്.

ബൈക്കിന്റെ ഹാന്‍ഡില്‍ വൈദ്യുതിത്തൂണില്‍ തട്ടിയതിനെ തുടര്‍ന്നാണ് ബൈക്ക് നിയന്ത്രണം വിട്ടത്. നാട്ടുകാര്‍ ചേവായൂര്‍ പൊലീസിലും സിറ്റി കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ദിവാകരനെ ഗവ. മെഡിക്കല്‍ കോളേജില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു.