കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം


വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട ദിവസങ്ങളിലാണ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്.

ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒന്‍പത് മണി വരെ കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പയ്യോളി വഴി മേപ്പയ്യൂർ, പേരാമ്പ്ര, ഉള്ള്യേരി വഴി അത്തോളി പാവങ്ങാട് വഴി വേണം പോവാന്‍. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട് വഴി പോകണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകൾ പതിനേഴാംമൈലില്‍ ആളുകളെ ഇറക്കി തിരിച്ച് പോകണം.

വലിയ ടാങ്കർ വാഹനങ്ങൾ നന്തിമേഖലയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ നിർത്തിയിടണം, മുപ്പത്, മുപ്പത്തിയൊന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ തുടങ്ങുന്ന നിയന്ത്രണം രാത്രി പത്ത് വരെ നീളും.  ഗതാഗത നിയന്ത്രണത്തിന് കൊയിലാണ്ടി ട്രാഫിക് പോലീസും സജീവമായി രംഗത്തുണ്ടാകും.