കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി


കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്. കുട്ടിയുടെ പല്ലില്‍ ക്ലിപ്പ് ഇട്ടിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ആഘാതത്തില്‍ ലോഹനിര്‍മ്മിതമായ ക്ലിപ്പ് ചുണ്ടില്‍ കൊണ്ട് ആരതിയുടെ മേല്‍ച്ചുണ്ടില്‍ മുറിവേറ്റു.

സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും കുട്ടി വീട്ടുകാരോട് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ജ്യൂസ് വാങ്ങിത്തരാന്‍ അച്ഛനോട് കുട്ടി ആവശ്യപ്പെട്ടപ്പോഴാണ് എന്താണ് കാര്യമെന്ന് വീട്ടുകാര്‍ അന്വേഷിച്ചത്. ആദ്യം പറയാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് നടന്ന സംഭവങ്ങള്‍ കുട്ടി വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു.

ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഒരു കബഡി മത്സരത്തെ കുറിച്ച് മറ്റൊരു അധ്യാപകനോട് അന്വേഷിച്ചതാണ് പരിശീലകയെ പ്രകോപിപ്പിച്ചത്. ഈ മത്സരത്തിന്റെ സര്‍ട്ടിഫിക്കറ്റിന് എവിടെയും മൂല്യമില്ല എന്ന് കേട്ട വിവരം ശരിയാണോ എന്ന് അറിയാനാണ് കുട്ടി മറ്റൊരു അധ്യാപകനെ വിളിച്ച് അന്വേഷിച്ചത്. ഇതിന് ശേഷമാണ് കുട്ടിയെ പരിശീലക രോഷ്ണി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിച്ചത്.

പരാതിയുമായി ബന്ധപ്പെട്ട് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയെ രോഷ്ണി ഭീഷണിപ്പെടുത്തിയെന്നും ആരതിയുടെ അച്ഛൻ അനില്‍കുമാര്‍ ആരോപിച്ചു. താന്‍ എസ്.ഐയുമായി സംസാരിക്കവെ പുറത്ത് വച്ച് ‘നിന്റെ അച്ഛന്റെ പേരില്‍ ഞാന്‍ കേസ് കൊടുക്കും’ എന്നാണ് രോഷ്ണി ആരതിയെ ഭീഷണിപ്പെടുത്തിയത് എന്ന് അനില്‍കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റതിന്റെയും അച്ഛനെ കേസില്‍ പെടുത്തുമെന്ന ഭീഷണി കേട്ടതിന്റെയും മാനസികമായ വിഷമത്തിലാണ് കുട്ടിയെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.