ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതൽ വേഗതയോടെ വടക്ക് ദിശയിൽ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേ സമയം ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് കാലാവസ്ഥയിൽ മാറ്റം വന്നതിനാൽ കേരളത്തിൽ മഴ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയുടെ വടക്ക് കിഴക്കൻ മേഖലയിലുമാണ് മഴ ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

08-06-2023 : ആലപ്പുഴ, എറണാകുളം
09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
10-06-2023 : പത്തനംതിട്ട, ഇടുക്കി
11-06-2023 : പത്തനംതിട്ട, ഇടുക്കി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.