കൊട്ടും കുരവയുമുയരുന്നു; പിഷാരികാവിൽ കാളിയാട്ടം ഏപ്രിൽ അഞ്ചിന്, ഇനി നമ്മുടെ നാടിന് ഉത്സവ കാലം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇത്തവണത്തെ കാളിയാട്ടം ഏപ്രില്‍ അഞ്ചിന്. ഇന്ന് പ്രഭാതപൂജയ്ക്കുശേഷമാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്.. തുടര്‍ന്ന് ആചാരപ്രകാരം അത്താഴപൂജയ്ക്കുശേഷം ക്ഷേത്രനടയില്‍വെച്ച് ഷാരടി കുടുംബത്തിലെ അംഗം മുഹൂര്‍ത്തം ഭക്തരെ അറിയിക്കുകയായിരുന്നു.
മാര്‍ച്ച് 29നാണ് കൊടിയേറ്റം. 45കോല്‍ നീളമുള്ള മുളയിലാണ് കൊടിയേറ്റം നടത്തുന്നത്. ഭക്തന്മാര്‍ നേര്‍ച്ചപ്രകാരം സമര്‍പ്പിച്ച 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിക്കുന്നത്. ഏപ്രില്‍ നാലിന് വലിയ വിളക്കും ഏപ്രില്‍ അഞ്ചിന് കാളിയാട്ടവും നടക്കും.
കാളിയാട്ടം കുറിച്ചതോടെ ഇന്ന് ക്ഷേത്രം മേല്‍ശാന്തി എന്‍. നാരായണന്‍ മൂസത് ആചാരപ്രകാരം ക്ഷേത്രത്തില്‍ നിന്ന് മാറി നില്‍ക്കും. കൊടിയേറ്റദിവസം വ്രതാനുഷ്ഠാനങ്ങളോടെ അദ്ദേഹം ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന ചടങ്ങോടെ ഉത്സവാഘോഷങ്ങള്‍ തുടങ്ങും. തുടര്‍ന്നാണ് കൊടിയേറ്റം നടക്കുക.
കാളിയാട്ടമഹോത്സവത്തിന്റെ തിയ്യതി അറിയാന്‍ നിരവധി ഭക്തജനങ്ങളാണ് ഇന്ന് അത്താഴപൂജയ്ക്ക് ക്ഷേത്രത്തിലെത്തിയത്. ഭക്തജനങ്ങള്‍ക്കായി കരിമരുന്ന് പ്രയോഗവും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു.