കുറ്റ്യാടി ജലസേചനപദ്ധതിയുടെ പുനരുദ്ധാരണപ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു; ജലക്ഷാമം പരിഹരിക്കാനായി ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗം വിളിച്ച് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. 


വടകര: കുറ്റ്യാടി ജലസേചനപദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച പദ്ധതി ഉടൻതന്നെ ടെൻഡർചെയ്യാൻ തീരുമാനമായി. മണ്ഡലത്തില്‍ രൂക്ഷമാകുന്ന ജലക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

വേളം ഗ്രാമപഞ്ചായത്തിൽ ചേരാപുരം ഭാഗത്ത് നെൽകൃഷി കൊയ്ത്ത് നടക്കുന്നതിനാൽ വെള്ളം തുറന്നുവിടാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തില്‍ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിൽ വെള്ളമെത്താത്ത കനാലുകളിൽ മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് 30ന് തന്നെ വെള്ളം തുറന്നു വിടും.

വള്ള്യാട്, കടമേരി ഭാഗങ്ങളിൽ ഞായറാഴ്ച ജലവിതരണം തുടങ്ങിയതായും ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ചില സ്ഥലങ്ങളിൽ വാൾവുകൾ തകർക്കപ്പെട്ടത് ജലവിതരണത്തെ ബാധിച്ചതായും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. കനാലിലെ മാലിന്യം പെട്ടെന്നുതന്നെ നീക്കംചെയ്യാനും തീരുമാനമായിട്ടുണ്ട്.

മണിയൂർ പാടശേഖരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി യോഗതീരുമാനപ്രകാരം എം.എൽ.എ.യും ഉദ്യോഗസ്ഥരും പാടം സന്ദർശിക്കുകയും കുറ്റ്യാടി ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൃഷിക്കാരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

കുറ്റ്യാടി ജലസേചനപദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച പദ്ധതിയുടെ ടെൻഡർ ഉടൻ പബ്ലിഷ് ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി പ്രസിഡണ്ടുമാർ അറിയിച്ചു.

യോഗത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വടകര തഹസിൽദാർ, കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.