കുടിവെള്ളം മുട്ടുമോ? മരളൂര്‍ പനച്ചിക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണര്‍ സംരക്ഷിക്കണമെന്നാവശ്യം ശക്തം
കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് വരുന്നതുമൂലം മരളൂര്‍ പനച്ചികുന്ന് കുടിവെള്ള പദ്ധതിയുടെ കിണര്‍ മൂടപ്പെടുമെന്ന ആശങ്കയില്‍ ജനങ്ങള്‍. കിണര്‍ മൂടപ്പെട്ടാല്‍ പനച്ചിക്കുന്നിലെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടുക. കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പനച്ചിക്കുന്ന് നിവാസികള്‍ക്കായി കനാലിന് സമീപം ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് നഗരസഭ കുഴിച്ച കിണറാണിത്. ഇവിടെ കനാലിന് മുകളില്‍ അടിപ്പാത നിര്‍മ്മിച്ച് കിണര്‍ സംരക്ഷിക്കണമെന്ന് മരളൂര്‍ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.
നഗരസഭ കൗണ്‍സിലറും കൂട്ടായ്മ ചെയര്‍മാനുമായ എന്‍.ടി.രാജീവന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍, ഗിരീഷ് പുതുക്കുടി, സുകുമാരന്‍ കുനിയില്‍, എം.ടി.സന്തോഷ്, പി.ടി. അജിത്ത്, പി.കെ.സുനില്‍, പി.കെ.ഷിനു സംസാരിച്ചു.